കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ ‘ഓപ്പറേഷന് പൈതല്‍’ പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃത
മത്സ്യബന്ധനം നടത്തിയ രണ്ട് ട്രോളര്‍ ബോട്ടുകളും ഒരു ഇന്‍ബോര്‍ഡ് വള്ളവും പിടികൂടി. നിയമ നടപടികള്‍ക്കുശേഷം ആകെ 5.5 ലക്ഷം രൂപ പിഴ ഈടാക്കി. നവംബര്‍ 18 ന് ബേപ്പൂര്‍ ഹാര്‍ബറില്‍ ഭക്ഷ്യയോഗ്യമല്ലാത്തതും നിയമാനുസൃത വലിപ്പമില്ലാത്തതുമായ മത്സ്യങ്ങളെ പിടിച്ചതിനും നിരോധിത വലകള്‍ സൂക്ഷിച്ചതിനുമാണ് രണ്ട് ട്രോളര്‍ ബോട്ടുകള്‍ പിടികൂടിയത്. നവംബര്‍ 19 ന് പുതിയാപ്പ ഹാര്‍ബറില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളില്ലാതെയും ഉയര്‍ന്ന വോള്‍ട്ടിലുള്ള ലൈറ്റുകള്‍ ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ ഒരു ഇന്‍ബോര്‍ഡ് വള്ളവും പിടികൂടി. രണ്ട് ബോട്ടുകള്‍ക്കും 2.5 ലക്ഷം രൂപ വീതവും വള്ളത്തിന് 50,000 രൂപയുമാണ് പിഴ ചുമത്തിയത്.
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി.കെ. മനോജിന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഓഫീസര്‍ അനുരാഗ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഫിഷറി
ഗാര്‍ഡ് മനു തോമസ്, റെസ്ക്യൂ ഗാര്‍ഡ് താജുദ്ദീന് എന്നിവരടങ്ങുന്ന സംഘമാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ ബോട്ടുകള്‍ പിടികൂടിയത്. പുതിയാപ്പ ഹാര്‍ബറില്‍ വടകര മത്സ്യഭവന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.കെ. ആതിര, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ധ്യ, മറൈന്‍ എന്‍ഫോഴ്സ്മെന്റ് സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് രാജേഷ്, ഫിഷറി ഗാര്‍ഡ് കെ. അരുണ്‍, റെസ്ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, നിധീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
അശാസ്ത്രീയ മത്സ്യബന്ധന രീതികളും നിയമവിരുദ്ധ വലകളുടെ ഉപയോഗവും മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഹാര്‍ബറുകളിലും കടലിലും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
















