
വടകര: ദക്ഷിണേന്ത്യന്‍ ശാസ്ത്രനാടക മത്സരത്തില്‍ മിന്നും വിജയവുമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ബെംഗളൂരു വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് ദക്ഷിണേന്ത്യന്‍ ശാസ്ത്രനാടക മത്സരത്തില്‍ മേമുണ്ട സ്കൂള്‍ അവതരിപ്പിച്ച ‘വണ്ടി’ ഒന്നാം സ്ഥാനവും ‘എ’ ഗ്രേഡും കരസ്ഥമാക്കി. ദേശീയ

മത്സരത്തിലേക്ക് യോഗ്യത നേടി. ഇതോടെ ഈ നാടകം കൊല്‍ക്കത്തയില്‍ നടക്കുന്ന നാഷണല്‍ ശാസ്ത്രനാടക മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 13 നാടകങ്ങളോട് മത്സരിച്ചാണ് മേമുണ്ടയുടെ വണ്ടി ഒന്നാമതെത്തിയത്. ഈ

നാടകത്തിലെ ഗംഭീര പ്രകടനത്തിന് ശ്രീശൈവ് മികച്ച നടനുള്ള പുരസ്കാരവും നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ജിനോ ജോസഫ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.
വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന് പരിഹാരമായി സൗരോര്‍ജത്തിലും
വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ പ്രാധാന്യമാണ് ‘വണ്ടി’ എന്ന നാടകം ചര്‍ച്ച ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമാകുമ്പോള്‍ സോളാറും ഇലക്ട്രിസിറ്റിയും ഉപയോഗിച്ചുള്ള വണ്ടികളുടെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് ഈ നാടകം പ്രേക്ഷകരുമായി സംവദിക്കുന്നു. പരിസ്ഥിതി മലിനീകരണവും ഊര്‍ജനഷ്ടവും ഒട്ടുമില്ലാതെ പ്രവര്‍ത്തിക്കുന്ന പുതിയൊരു വാഹനത്തിന്റെ കണ്ടുപിടിത്തത്തിലൂടെയാണ്
നാടകം അവസാനിക്കുന്നത്.
തേജ, ശ്രീശൈവ്, ലാമിയ, അദ്രിനാഥ്, ആര്യലക്ഷ്മി, ആല്വിന് ഷിബു, ആന്മിയ, ആദിന് റനീഷ് എന്നീ വിദ്യാര്‍ഥികളാണ് അരങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷവും മേമുണ്ട അവതരിപ്പിച്ച ശാസ്ത്രനാടകം ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ജനുവരി 6, 7 തിയ്യതികളില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ശാസ്ത്രനാടക മത്സരത്തില്‍ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ‘വണ്ടി’ അരങ്ങിലെത്തും.
















