വടകര: മെട്രോമാന് ഡോ. ഇ.ശ്രീധരന് വിഭാവനം ചെയ്യുന്ന അതിവേഗ റെയില്‍വേ പദ്ധതിയുടെ സാധ്യതാപഠനത്തിന്റെ ഭാഗമായി വടകരയില്‍ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന
വെഹിക്കിള്‍ ട്രാഫിക് സെന്‍സസിന് തുടക്കമായി. ശ്രീനാരായണ കോളേജിലെ 36 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സെന്‍സസ് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് സമാപിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കൃത്യമായ കണക്കെടുക്കുകയാണ് സെന്‍സസിന്റെ ലക്ഷ്യം. ജനസാന്ദ്രത കൂടിയ മേഖലകളെ ഒഴിവാക്കിക്കൊണ്ട്, യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ വൈത്തിരി, രാമനാട്ടുകര എന്നിവിടങ്ങളില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമാനമായ സര്‍വേകള്‍ പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത് സെന്‍സസാണിത്. കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഇ. ശ്രീധരന് വ്യക്തമാക്കി. തിരുവനന്തപുരത്തെ പൂജപ്പുര മുതല്‍ കണ്ണൂരിലെ മുണ്ടയാട് വരെയാണ് ഒന്നാം ഘട്ടത്തില്‍ പാത നിര്‍മിക്കുന്നത്. അഞ്ചുവര്‍ഷമാണ് നിര്‍മാണ
കാലാവധിയായി കണക്കാക്കുന്നതെങ്കിലും നാലുവര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ജില്ലയും ആദ്യമായി സംസ്ഥാനത്തിന്റെ റെയില്‍വേ ഭൂപടത്തില്‍ ഇടംപിടിക്കും. പാലക്കാട് ഡിവിഷണല്‍ റിട്ട. ചീഫ് കണ്ട്രോളര് വിവേക് ശ്രീധര്‍, വത്സലന്‍ കുനിയില്‍, ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ.രാധാകൃഷ്ണന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്.അഞ്ജന, എന്‍എസ്എസ് സെക്രട്ടറിമാരായ അദിത് ദേവ്, രാജീവ് എന്നിവരാണ് വടകരയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.















