തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡാൻസാഫ് സംഘത്തിലെ പൊലിസ് ഉദ്യോഗസ്ഥർക്ക് പിസ്റ്റൾ ഉപയോഗത്തിൽ പ്രത്യേക പരിശീലനം നൽകാൻ ക്രമ
സമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പൊലിസ് മേധാവിമാർക്ക് നിർദേശം നൽകി. പൊലിസുകാർക്കു നേരെയുള്ള ആക്രമണം വർധിച്ച സാഹചര്യത്തിലാണ് നടപടി. തങ്ങളുടെ അധികാരപരിധിയിലുള്ള എല്ലാ ഡാൻസാഫ് ഉദ്യോഗസ്ഥർക്കും അടിയന്തര ഘട്ടങ്ങളിൽ പിസ്റ്റൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ അടിയന്തര പരിശീലനം നൽകണമെന്നാണ് നിർദേശത്തിലുള്ളത്. ദ്രുതവേഗത്തിലുള്ള സ്ട്രിപ്പിംഗ്, അസംബ്ലിംഗ്, ഫയറിംഗ് എന്നിവ ഇതിൽ ഉൾപ്പെടും. പരിശീലന പ്രവർത്തനം നിരീക്ഷിക്കാനും കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മേഖല ഐജിമാർക്കും റേഞ്ച് ഡിഐജിമാർക്കും എഡിജിപി നിർദേശം നൽകി.
















