വടകര: വടകര റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്തെ കോട്ടക്കടവ് ലെവല്‍ ക്രോസിന് പകരം മേല്‍പ്പാലം (ഓവര്‍ബ്രിഡ്ജ്) നിര്‍മിക്കുന്നതിനുള്ള ഡിപിആര്‍, സാങ്കേതിക സാധ്യതാപഠനം
എന്നിവ നടത്തുമെന്ന് ലോക്സഭയില്‍ നല്കിയ ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി അടിയന്തരമായി പാലിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് വീണ്ടും കത്ത് നല്കി. ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കോട്ടക്കടവ് റെയില്‍വേ ലെവല്‍ ക്രോസിന് സമീപം ഉണ്ടാകാന്‍ സാധ്യതയുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ഷാഫി പറമ്പില്‍ എംപി നേരത്തെ തന്നെ ലോക്സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എംപിയുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനായുള്ള പ്രാഥമിക പഠനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി റെയില്‍വേ മന്ത്രി രേഖാമൂലം ഉറപ്പ് നല്‍കിയത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ദുരിതം കണക്കിലെടുത്ത് ലെവല്‍ ക്രോസിന് പകരം സംവിധാനം അടിയന്തരമായി ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി കത്തില്‍ ചൂണ്ടിക്കാട്ടി. പ്രാരംഭ നടപടികള്‍ക്ക് മുന്‍ഗണന നല്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















