വടകര: അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന മീത്തലെ മുക്കാളിയില്‍ റോഡ് പണിക്കെത്തിയവരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. 150
ദിവസം പൂര്‍ത്തിയാക്കുന്ന ഇന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ പണി തുടങ്ങാന്‍ കരാര്‍ കമ്പനിക്കാര് വന്നപ്പോഴാണ് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞത്. കെ.കെ.രമ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
ചോമ്പാല്‍ ഹാര്‍ബറിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരം നടക്കുകയാണ്. ദേശീയ പാതയുടെ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഹാര്‍ബറിലേക്ക് വലിയ വാഹനങ്ങള്‍
പ്രവേശിക്കുന്നതിന് പ്രയാസം നേരിടേണ്ടിവരും. ഇത് പരിഹരിക്കാന്‍ മീത്തലെ മുക്കാളിയില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുക്കുന്ന സമരം അഞ്ചു മാസം പിന്നിടുകയാണ്. കഴിഞ്ഞ ദിവസം ഉന്നത സംഘം സ്ഥലം സന്ദര്‍ശിക്കുകയും ഹാര്‍ബറിലേക്ക് വലിയ വാഹനം പോകാന്‍ ഉയരമേറിയ അടിപ്പാത അനിവാര്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തതാണ്. വിഷയം കളക്ടര്‍ ഉള്‍പെടെയുള്ളവരുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ റോഡ്
പ്രവൃത്തിക്കായി കരാര്‍ പണിക്കാര് എത്തിയതും നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തി തടഞ്ഞതും. പ്രശ്നത്തിന് പരിഹാരം കാണാതെ റോഡ് പണി തുടങ്ങാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഇതോടെ പ്രവൃത്തിയില്‍ നിന്ന് എഞ്ചിനീയറും തൊഴിലാളികളും പിന്മാറുകയായിരുന്നു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കെ.കെ.രമ എംഎല്‍എ, കോട്ടയില്‍ രാധാകൃഷ്ണന്, ജലജ വിനോദ്, എം.പി.ബാബു, എം.വി.ജയപ്രകാശ്, എ.സുരേഷ് എന്നിവര്‍ സംസാരിച്ചു. പുരുഷോത്തമന്.പി.പി, രാജന് പള്ളിപറമ്പത്ത്, അനിത പിലാക്കണ്ടി, പത്മിനിചന്ദ്രകാന്ത്, പ്രശാന്ത് ചോമ്പാല, ബിജു.വി.എം, സഞ്ജീവന്, ബിജു കുന്നുമ്മല്‍, പി.കെ.പ്രകാശന്, മോഹനന് കുന്നുമ്മല്‍, ഷംസീര്‍ ചോമ്പാല തുടങ്ങിയവര്‍ നേതൃത്വം നല്കി.















