കൊയിലാണ്ടി: നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തില്‍ വീഴ്ച
വരുത്തുകയും ഹരിത കര്‍മ്മസേനക്ക് അജൈവ മാലിന്യങ്ങള്‍ കൃത്യമായി കൈമാറാതെ വ്യാപാര സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ മാലിന്യം കുന്നു കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. ഇത്തരത്തിലെ അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തും. നിര്‍മലം പുതുയുഗ ശുചിത്വ കേരളം, സമാര്‍ട്ട് കൊയിലാണ്ടി പദ്ധതികളുടെ ഭാഗമായി പൊതു ഇടങ്ങള്‍ വൃത്തിയാക്കി പരിപാലിക്കുമ്പോഴും പല വ്യാപാര സ്ഥാപനങ്ങളുടെയും മുന്‍വശത്തും ബാക്ക് ലൈനിലും മാലിന്യങ്ങള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്ന പ്രവണത തുടരുന്നുണ്ട്. നവംബര്‍ 6 ന് സ്മാര്‍ട്ട്
കൊയിലാണ്ടിയുടെ ഭാഗമായി നടന്ന ക്ലീനിങ് ഡ്രൈവില്‍ പല വ്യാപാര സ്ഥാപനങ്ങളുടെയും പരിസരത്ത് നിന്ന് വ്യാപാരികള്‍ തന്നെ മുന്‍കൈ എടുത്ത് മാലിന്യം നീക്കം ചെയ്തിട്ടും പലയിടത്തും മാലിന്യം കുന്നു കൂട്ടി ഇടുന്ന പ്രവണത നില നില്‍ക്കുന്നുണ്ട്. ഇവരെ പരിശോധനയില്‍ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും നഗരസഭ സെക്രട്ടറി പാര്‍വതി ചന്ദ്രന് അറിയിച്ചു. ഇന്ന് നടന്ന പരിശോധനക്ക് ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് പി.എ.വിനോദ് നേതൃത്വം നല്കി. പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജെമിഷ് മുഹമ്മദ്, ഷീബ.വി.ജെ എന്നിവര്‍ പങ്കെടുത്തു.
-സുധീര്‍ കൊരയങ്ങാട്
















