
നാദാപുരം: വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി. വയനാട്
തരുവണ പൊന്നത്തിക്കണ്ടി പി.കെ. അഷ്റഫ് (50) ആണ് അറസ്റ്റിലായത്.
നവംബര്‍ രണ്ടിന് കേസ് രജിസ്റ്റര്‍ ചെയ്തതുമുതല് ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. അന്വേഷിച്ച് ബംഗളൂരുവിലെത്തിയ പോലീസ് സംഘത്തിന് പ്രതി ഏര്‍വാടിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയാണെന്ന വിവരം കിട്ടി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാല്‍ പോലീസിന് ഇയാളുടെ കണ്ടെത്തുക ശ്രമകരമായിരുന്നു. ഏര്‍വാടിയിലെത്തിയ അന്വേഷണസംഘം നടത്തിയ ആസൂത്രിത
നീക്കത്തിലാണ് ഹോട്ടലില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍
ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലടച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. മുരളീധരന്റെ നേതൃത്വത്തില്‍ നാദാപുരം പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ക്രൈം സ്ക്വാഡ് അംഗങ്ങളായ സിപിഒ അരുണ്‍, സിപിഒ വിജയന്, ഡ്രൈവര്‍ സിപിഒ അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈയടുത്ത് വളയം സ്റ്റേഷനില്‍ റിപ്പോര്‍ട്ടായ പോക്സോ കേസുകള്‍ നാദാപുരം ഡിവൈഎസ്പി പി.എം മനോജ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
















