വടകര: കടത്തനാട്ടിലെ തെയ്യംതിറകളുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊടിയേറ്റം തെയ്യക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ”കൊടിയേറ്റം
തിറക്കുറി” എന്ന പേരില്‍ ഡിജിറ്റല്‍ കലണ്ടര്‍ പുറത്തിറക്കി. പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് നടന്ന ചടങ്ങില്‍ പ്രശസ്ത തെയ്യം കലാകാരനും എഴുത്തുകാരനും ഗവേഷകനുമായ ഡോ. വൈ.വി.കണ്ണന് കലണ്ടര്‍ സമര്‍പ്പണം നിര്‍വഹിച്ചു. കടത്തനാടിന്റെ സമ്പന്നമായ അനുഷ്ഠാന പാരമ്പര്യത്തെയും തെയ്യംതിറകളുടെ കാലിക വിവരങ്ങളെയും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന തെയ്യാട്ടങ്ങളുടെ തിയ്യതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്കും തെയ്യം ആസ്വാദകര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ചടങ്ങില്‍ പി.വി.പ്രകാശന്, പി.രാമകൃഷ്ണന്, കുഞ്ഞിക്കണ്ണന്.വി, ശ്രീകാന്ത്, ഇന്ദിര, റിനീഷ് തട്ടാറത്ത്, പി.എന്‍.അര്ജുന്, സുചിന് കൂമുള്ളി എന്നിവര്‍ സംബന്ധിച്ചു.















