
വടകര: താളവും മേളവും ഒന്നാകുന്ന കലയുടെ മാമാങ്കത്തിന് കുഞ്ഞാലി മരക്കാരുടെ മണ്ണില്‍ ആവേശോജ്വല തുടക്കം. വടകര ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം
ദിനമായ ഇന്ന് സ്റ്റേജ് മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നതോടെ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും പരിസരവും ഉത്സവതിമിര്പിലായി.
ഇന്നലെ രചനാ മത്സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ്
കലയുടെ സുന്ദരമുഹൂര്‍ത്തങ്ങള്‍ തുളുമ്പുന്ന സ്റ്റേജ് ഇനങ്ങള്‍ ആരംഭിച്ചത്. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എംഎല്‍എ കെ. പ്രവീണ്‍ കുമാര്‍ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയര്‍പേഴ്സണ്‍ എന്‍. സാഹിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്തു.
മലബാറിന്റെ വീരപൈതൃകവും സാംസ്കാരിക മഹിമയും വിളിച്ചോതുന്ന ഒമ്പത് പ്രധാന വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്: കുഞ്ഞാലി മരക്കാര്‍, ആലിരാജ, ഉണ്ണിയാര്‍ച്ച, പഴശ്ശിരാജ, സാമൂതിരി, കേളപ്പജി, ആരോമല്‍, മഖ്ദൂം, അറക്കല്‍ ബീവി എന്നീ പേരുകളുള്ള വേദികളില്‍ ശാസ്ത്രീയ-ലളിത കലകളുടെ വാശിയേറിയ പോരാട്ടമാണ് പുരോഗമിക്കുന്നത്. ഉപജില്ലയിലെ 72 പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി
നാലായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് സംഘാടക സമിതി മേള ഏകോപിപ്പിക്കുന്നത്. മത്സരാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കാണികള്‍ക്കുമായി പ്രതിദിനം രണ്ടായിരത്തിയഞ്ഞൂറോളം പേര്‍ക്കുള്ള ഭക്ഷണ സൗകര്യവും വിപുലമായ പാര്‍ക്കിംഗ്-സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കലയുടെയും സംസ്കാരത്തിന്റെയും ഈ മഹാമേളയ്ക്ക് 13-ന് വൈകുന്നേരം കൊടിയിറങ്ങും. വടകര എംപി ഷാഫി പറമ്പില്‍, വടകര എംഎല്‍എ. കെ.കെ. രമ എന്നിവര്‍ പങ്കെടുക്കുന്ന സമാപന സമ്മേളനത്തോടെ നാലു ദിവസത്തെ കലാപോരാട്ടത്തിന് തിരശ്ശീല വീഴും.
















