
കൊച്ചി: ഒരു സ്കൂട്ടറിൽ അഞ്ചു വിദ്യാർഥികൾ ഒരുമിച്ച് യാത്ര ചെയ്തതില്‍
കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ്
സസ്പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് നിർദേശം നൽകി. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിലാണ് നടപടി. സ്കൂട്ടറിൽ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും നൽകണം. അങ്ങനെ
ആകെ 2,500 രൂപ പിഴ അടയ്ക്കാനാണ് നിർദേശം. തൃക്കാക്കരയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളാണ് അഞ്ചുപേരും. ഇവരെ ഇന്നലെ ആർടി ഓഫീസിൽ വിളിച്ചുവരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകി.
















