കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവകോളജില് പ്രിന്‍സിപ്പളിനെയും അധ്യാപകനെയും ഒരു സംഘം എസ്എഫ്ഐ ക്കാര് മര്‍ദിച്ചതായി പരാതി എസ്എഫ്ഐ നേതാവിനെ പ്രിന്‍സിപ്പാള്‍ മര്‍ദിച്ചതായും പരാതി. മര്‍ദനമേറ്റ പ്രിന്‍സിപ്പള്‍ ഡോ.സുനില്‍കുമാറിനെയും എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ബി.ആര്.അഭിനവിനെയും അധ്യാപകന് രമേശനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിരുദ പ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്ക് വെക്കുന്നതുമായുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ.പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ പ്രിന്സിപ്പാളെ കൈയ്യേറ്റം ചെയുകയായിരുന്നു എന്നാണ് പറയുന്നത്. പരിക്കേറ്റ പ്രിന്‍സിപ്പളിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാതിരുന്നപ്പോള് മറ്റു അധ്യാപകര്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടയിലാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്. എന്നാല്‍ പ്രിന്‍സിപ്പള്‍ എസ്എഫ്ഐ ഏരിയാ പ്രസിഡന്റിനെ മര്‍ദിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റ എസ്എഫ്ഐ നേതാവ് ബി.ആര്.അഭിനവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളെജിലെക്ക് റഫര്‍ ചെയ്തു.