
ആയഞ്ചേരി: തറോപ്പൊയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല
സത്യാഗ്രഹം 31 ദിവസം പിന്നിട്ടു. മുപ്പത്തിയൊന്നാം നാളിലെ സമരം താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ഉദ്ഘാടനം ചെയ്തു.
ജനങ്ങളുടെ ന്യായമായ ആവശ്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 31 ദിവസമായി തുടരുന്ന സമരത്തോട് അധികാരികള്‍ മൗനം വെടിയണം. ആരാണ് ഈ സ്ഥാപനത്തെ സംരക്ഷിക്കുന്നതെന്ന് ജനങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് കേന്ദ്രം അടച്ചുപൂട്ടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരസമിതി ചെയര്മാന് അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. കരീം പിലാക്കി സംസാരിച്ചു. കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു.
















