
വടകര: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 5, 6, 7 തിയ്യതികളില്‍ വടകരയില്‍ നടക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര നഗരത്തിലെആറ് സ്കൂളുകളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു. എംയുഎമ്മില്‍ സയന്‍സ് ഫെയര്‍, ജെഎന്എമ്മില് മാത്സ് ഫെയര്‍, ശ്രീനാരായണയില്‍ സോഷ്യല്‍ സയന്‍സ് ഫെയര്‍, സെന്റ് ആന്റണീസില്‍ പ്രവൃത്തിപരിചയ മേള, ബിഇഎമ്മില്‍ ഐടി ഫെയര്‍, ടൗണ്‍ ഹാളില്‍ വൊക്കേഷണല്‍ എക്സ്പോ, സ്കില്‍ ഫെസ്റ്റ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ഉപജില്ലാ തലത്തില്‍ വിജയികളായ ആറായിരത്തിലധികം വിദ്യാര്‍ഥികളാണ് ജില്ലാ മേളയില്‍ മാറ്റുരയ്ക്കുക.
സ്വന്തമായി പരീക്ഷണങ്ങള്‍ ചെയ്തും മോഡലുകള്‍ നിര്‍മിച്ചും പഠിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രത്തോടുള്ള താല്പര്യവും അന്വേഷണ മനോഭാവവും
വര്‍ധിക്കുന്നു.
പ്രവൃത്തിപരിചയ മേളയിലൂടെ അമ്പതിലധികം തൊഴില്‍ മേഖലകളില്‍ നേരിട്ട് പരിശീലനം ലഭിക്കുന്നത് കുട്ടികളെ സ്വയം തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കും. ഐടി ഫെയറിലൂടെ പ്രോഗ്രാമിംഗ്, ആനിമേഷന്‍, വെബ് ഡിസൈനിംഗ് പോലുള്ള പുതുതലമുറ സാങ്കേതികവിദ്യകളില്‍ കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള അവസരവും ലഭിക്കുന്നു.
ആറാം തിയ്യതി രാവിലെ 9.30 ന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകീട്ട് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വടകര എംഎല്‍എ കെ. കെ. രമ നിര്‍വഹിക്കും.
സോഷ്യല്‍ സയന്‍സ് മേള 5, 6, 7 തിയ്യതികളില്‍ ശ്രീ നാരായണ എച്ച്എസ്എ സില് നടക്കും. ആറിന് ഹൈസ്കൂള്‍ വിഭാഗം സയന്‍സ് മേളയും ഏഴിന് ഹയര്‍ സെക്കന്ററി വിഭാഗം സയന്‍സ് മേളയും വടകര എംയുഎമ്മില്‍ നടക്കും. ആറിന് ഹൈസ്കൂള്‍ വിഭാഗം ഐടി മേളയും നവംബര്‍ 7 ന് ഹയര്‍ സെക്കണ്ടറി വിഭാഗം സയന്‍സ് മേളയും ബിഇഎം
എച്ച്എസ്എസിലും ആറിന് ഹൈസ്കൂള്‍ വിഭാഗം മാത്സ് മേളയും ഏഴിന് ഹയര്‍ സെക്കന്ററി വിഭാഗം മാത്സ്മേളയും പുതുപ്പണം ജെഎന്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ആറിനും ഏഴിനും പ്രവൃത്തി പരിചയ മേള സെന്റ് ആന്റണീസ് ഗേള്‍സ് സ്കൂളിലും നടക്കും. ആറ്, ഏഴ് തിയതികളില്‍ വൊക്കേഷണല്‍ എക്സ്പോയും സ്കില്‍ ഫെസ്റ്റും വടകര ടൗണ്‍ ഹാളിലും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വടകര എഇഒ വി.കെ. സുനില്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.നിഷ, വടകര ബിപിസി വി.കെ. അസീസ്, മീഡിയ കണ്‍വീനര്‍ എന്‍.പി. ഹംസ, അദീബ് അഹമ്മദ്, എന്‍.പി.ഷിഹാബ്, പി.പി.ആഷിഖ് എന്നിവര്‍ പങ്കെടുത്തു.
















