
വടകര: കോഴിക്കോട് ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടക്കുന്ന വടകര മേഖല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കില്‍ ഫെസ്റ്റിവല്‍ നവംബര്‍ 6, 7 തിയ്യതികളില്‍ വടകര ടൗണ്‍ ഹാളില്‍ നടക്കും. മേളയുടെ പന്തല്‍ കാല്നാട്ടുകര്മ്മമം നഗരസഭ
ചെയര്‍പേഴ്സണ്‍ പി.കെ. ശശി നിര്‍വഹിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലെ 38 സ്കൂളുകടങ്ങുന്ന വടകര മേഖലയിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥികളാണ് ഈ മഹാമേളയില്‍ പങ്കെടുക്കുന്നത്. സാധാരണ ശാസ്ത്രമേളകള്‍ക്ക് പുറമെ, വിഎച്ച്എസ്സി വിദ്യാര്‍ഥികള്‍ ആര്‍ജിച്ച തൊഴില്‍ നൈപുണ്യവും പ്രായോഗിക ജ്ഞാനവും സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന സവിശേഷമായ വേദിയാണിത്. എഞ്ചിനിയറിംഗ് & ഇലക്ട്രോണിക്സ്, അഗ്രിക്കള്‍ച്ചര്‍, ഹെല്‍ത്ത് സയന്‍സ് & പാരാമെഡിക്കല്‍, കൊമേഴ്സ് & മാനേജ്മെന്റ്, ഹോം സയന്‍സ് തുടങ്ങിയ വിവിധ സ്കില്‍ സെക്ടറുകളില്‍ പഠിക്കുന്ന കുട്ടികളുടെ തൊഴില്‍ വൈഭവങ്ങളാണ് ഇവിടെ
പ്രദര്‍ശിപ്പിക്കുന്നത്. സ്കില്‍ സെര്‍വ്, സ്കില്‍ ക്രാഫ്റ്റ്, ഇന്നൊവേഷന് എന്നീ വിഭാഗങ്ങളിലായി പ്രദര്‍ശന മത്സരവും പത്തൊന്‍പത് ഇനങ്ങളിലായി തത്സമയ മത്സരങ്ങളും സ്കില്‍ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.
പന്തല്‍ കമ്മിറ്റി ചെയര്മാന് എം.പി.ഷാജഹാന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ പ്രതിപക്ഷനേതാവ് ഫൈസല്‍ എം. മുഖ്യാതിഥിയായി. നഗരസഭാ കൗണ്‍സിലര്‍മാരായ ബിജുല്‍ ആയാടത്തില്‍, കെ. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ. റസീന, ഷെരീഫ് പി, ശിഹാബ്. എന്‍.പി, മുഹമ്മദ് ഷനൂദ് പി.വി, മുഹമ്മദ് പുറമേരി, ബിജു എം, ഷിബു. പി. എം തുടങ്ങിയവര്‍ സംസാരിച്ചു.
















