വടകര: ലവല്ക്രോസിലൂടെയുള്ള റോഡിനു പകരം ആരും ആവശ്യപ്പെടാതെ തന്നെ അടിപ്പാത പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ട റെയില്‍വെയുടെ പ്രവൃത്തി നാണക്കേടിന്റെ പര്യായമായി. തലതിരിഞ്ഞ പ്രവൃത്തിയിലൂടെ നാട്ടുകാര്‍ക്ക് കിട്ടിയതാവട്ടെ വര്‍ഷങ്ങളുടെ ദുരിതവും.
പൂവാടന്‍ഗേറ്റ് പോലൊരു സ്ഥലത്ത് അടിപ്പാത പണിയുന്നത് പ്രായോഗികമല്ലെന്ന് നാട്ടുകാര്‍ നിരന്തരം ഓര്മിപ്പിച്ചിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് റെയില്‍വെ ചെയ്തത്. അതിന്റെ ദുരിതവും ഗതികേടും അനുഭവിക്കുകയാണ് പൂവാടന്ഗേറ്റുകാര്.
ഇവിടെ യാത്രാദുരിതം തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. അടിപ്പാത പണിയുന്നതിന് വേണ്ടി ലവല്‍ക്രോസ് അടച്ചത് 2021 മാര്‍ച്ച് 31നാണ്. അന്നു മുതല്‍ ഇവിടത്തുകാര്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്.
ആറു മീറ്റര്‍ താഴ്ചയില്‍ മണ്ണെടുത്ത് അടിപ്പാത പണിയുമ്പോള്‍ മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം അനിവാര്യമാണെന്നത് സാമാന്യ മായ അറിവാണ്. എന്നാല്‍ വേനലില്‍ പോലും ഉറവ പൊട്ടി വെള്ളം പൊങ്ങുന്ന സ്ഥലത്ത് മഴക്കാലത്തെ സ്ഥിതി പറയേണ്ടതില്ല. നേരിട്ടും അപ്രോച്ച് റോഡുകളിലൂടെയും എത്തുന്ന വെള്ളം കെട്ടിനിന്ന് അടിപ്പാത മുങ്ങുന്ന അവസ്ഥയാണിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയുടെ ഫലമായി വലിയ കുളം രൂപപ്പെട്ടിരിക്കുകയാണ്. നാട്ടുകാര്‍ തമാശ രൂപേണ പറയാറുണ്ട്; കടത്ത് തോണി കിട്ടിയാല്‍ നന്നായെന്ന്. ഇപ്പോള്‍ അതുപോലും പറ്റില്ലെന്ന അവസ്ഥയാണ്. അത്രയേറെ ഉയര്‍ന്ന് കോണ്‍ക്രീറ്റ് ബോക്സിന്റെ മുകള്‍ ഭാഗത്തിന് അടുത്തുവരെ വെള്ളം പൊങ്ങിയിരിക്കുകയാണ്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയും കരാറുകാരന്റെ അലംഭാവവുമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. പരമാവധി എട്ടുമാസം കൊണ്ട് തീര്‍ക്കേണ്ട പണിയാണ് മൂന്നു വര്‍ഷവും കടന്നുമുന്നേറുന്നത്. ഇക്കഴിഞ്ഞ ജനുവരി 31 നു പണി പൂര്‍ത്തിയാവുമെന്നാണ് എഞ്ചിനീയറും കരാറുകാരനും എംഎല്‍എക്കു നല്കിയ ഉറപ്പ്. പിന്നീടത് മാര്‍ച്ച് 31 ആയി. മാസങ്ങള്‍ വീണ്ടും കഴിഞ്ഞിട്ടും അടിപ്പാത ഗതാഗതത്തിന് വിട്ടുകൊടുത്തില്ല. ഇപ്പോള്‍ നാട്ടുകാര്‍ക്കു തുറന്നുകൊടുത്താല്‍ ഒരു പ്രയോജനവുമില്ലാത്ത സ്ഥിതിയും.
വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമുണ്ടെന്ന് പറയുന്ന ഉദ്യോഗസ്ഥരും കരാര്കാരനും അത് പ്രായോഗികഘട്ടത്തിലെത്താന് ആത്മാര്‍ഥതയും ജാഗ്രതയും കാണിച്ചില്ല. അടിപ്പാതയില്‍ എത്തുന്ന വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിന് കോണ്‍ക്രീറ്റ് കിണര്‍ പണിതിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ പമ്പിംഗ് സുഗമമായി നടക്കുന്നില്ല. നടന്നാല്‍ പോലും വെള്ളത്തിന്റെ അളവ് അത്രയേറെയായതിനാല് ഉദ്ദേശിച്ച രീതിയില്‍ വെള്ളം പമ്പ് ചെയ്ത് നീക്കുക പ്രയാസമാണ്. ഇക്കാരണത്തില്‍ അടിപ്പാതയിലൂടെയുള്ള സഞ്ചാരം മുടങ്ങും. നാലു കോടി രൂപ ചെലവിട്ട് പണിത അടിപ്പാതയുടെ അവസ്ഥയാണിത്. പൂവാടന്‍ഗേറ്റ് നിവാസികള്‍ക്ക് റെയില്‍വെയുടെ മഹത്തായ സംഭാവനയായി ഇതിനെ വാഴ്ത്താം. എന്ന് തീരും ഈ ദുരിതമെന്നാണ് നാട്ടുകാരുടെ ചോദ്യം.