തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രവേശിച്ച അധ്യാപകരെ പിരിച്ചുവിടാനും സ്ഥാനക്കയറ്റം ലഭിച്ചവരെ മാതൃ തസ്തികയിലേക്ക്
തരംതാഴ്ത്താനും നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ പിന്‍വലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നടപടി. വിഷയത്തില്‍ പുതിയ സര്‍ക്കുലര്‍ പിന്നീട് പുറപ്പെടുവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2025 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരെ സേവനത്തില്‍ നിന്ന് പുറത്താക്കാനും കെ-ടെറ്റ് ഇല്ലാതെ പ്രൊമോഷന് നേടിയവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് തരംതാഴ്ത്താനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. കെഎസ്ടിഎ ഉള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഉത്തരവിനെതിരെ ശക്തമായി രംഗത്തെത്തി. ആയിരത്തോളം അധ്യാപകരുടെ ജോലിയെയും ഭാവിയെയും ഗുരുതരമായി ബാധിക്കുന്ന അധ്യാപകവിരുദ്ധ നിലപാടാണിതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. അധ്യാപകരുടെ ആശങ്ക കണക്കിലെടുത്താണ് വിജ്ഞാപനം പിന്‍വലിക്കാനും പുതിയ സര്‍ക്കുലര്‍ ഇറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.















