
ന്യൂഡല്‍ഹി: എസ്ഐആര്‍ ക്രമക്കേടില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പുറത്ത് പോകുമെന്നും ജയിലിലാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍
ഗാന്ധി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ഇന്ത്യാ സഖ്യത്തിന്റെ ഡല്‍ഹി ചലോ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ വോട്ടുമോഷണം സാധാരണ മോഷണമല്ല. ഇത് ഇന്ത്യയിലെ എല്ലാ ശബ്ദങ്ങളുടെയും മോഷണമാണ്. ഇത് രാജ്യദ്രോഹമാണ്. ഗ്യാനേഷ് കുമാര്‍ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയും ആകുമായിരുന്നില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടു. ഇവിഎമ്മുകള്‍ വഴിയും വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുമാണ് വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിനുശേഷം 15 ശതമാനം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടു. അന്നത്തെ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യവും എന്‍ഡിഎയും തമ്മില്‍ മൂന്ന് ശതമാനം മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. 2024ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആര്‍എസ്എസ് രാജ്യത്തെ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ്. ജനാധിപത്യം അവസാനിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഭരണഘടനയെ തകര്‍ക്കാന്‍ ഞങ്ങള്‍
അനുവദിക്കില്ല. നിങ്ങള്‍ക്ക് എത്രത്തോളം പണമുണ്ടായാലും ഭരണഘടനയേക്കാള്‍ വലുതല്ല. ഭരണഘടന നിങ്ങളേക്കാള്‍ വലുതാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യാ സഖ്യത്തിന്റെ ചലോ ദില്ലി മാര്‍ച്ചില്‍ പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം മാറിയിരുന്നു. വിവിധ പാര്‍ട്ടികളുടെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കൊടികളേന്തി രാംലീല മൈതാനിയില്‍ അണിനിരന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനര്‍ജി, എം.എ.ബേബി, തേജസ്വി യാദവ്, വി.ഡി. സതീശന് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
















