കോഴിക്കോട്: ട്രാക്കില്‍ തീപ്പൊരി പടര്‍ത്തിയും വിജയലക്ഷ്യത്തിലേക്ക് ഓടിയെത്തിയും 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേള അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച്
മുന്നേറുന്നു. അത്ലറ്റിക്സ് മത്സരങ്ങളുടെ മൂന്നാം ദിനവും ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഉള്‍പ്പെടെ കായികമേളയുടെ നാലാം ദിനവും പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോടിന്റെ കായിക മണ്ണില്‍ ആവേശത്തിന് ഒട്ടും കുറവില്ല. മുഖ്യമന്ത്രിയുടെ 117.5 പവന്റെ തിളങ്ങുന്ന സ്വര്‍ണ്ണക്കപ്പെന്ന ഒറ്റ സ്വപ്നത്തിലേക്ക് കണ്ണുംനട്ട് 14 ജില്ലകളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും എത്തിയ പതിനായിരത്തോളം കായികപ്രതിഭകളാണ് ഈ കായികമാമാങ്കത്തിന്റെ ജീവത്തുടിപ്പായി മാറിയിരിക്കുന്നത്. എന്‍ഐടിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് കോംപ്ലക്സിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ കാണികളുടെ നെഞ്ചിടിപ്പേറ്റിയ നിമിഷങ്ങള്‍ ഏറെയായിരുന്നു. കായികലോകത്തെ ഏറ്റവും വേഗമേറിയ പ്രതിഭകളെ കണ്ടെത്തുന്ന 100 മീറ്റര്‍ സ്പ്രിന്റുകളില്‍ കാറ്റിനേക്കാള്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞ കൗമാര താരങ്ങള്‍ സ്റ്റേഡിയത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി. 1500 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തിലും വായുവില്‍ വിസ്മയം തീര്‍ത്ത പോള്‍വോള്‍ട്ടിലും ലോങ് ജമ്പിലും ഹൈജംപിലും കരുത്ത് വിളിച്ചോതിയ ജാവലിന്‍-ഡിസ്കസ് ത്രോ ഇനങ്ങളിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കാനുള്ള താരങ്ങളുടെ പോരാട്ടവീര്യം പ്രകടമായിരുന്നു.
മുന്നില്‍ മലപ്പുറം
മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 114 പോയിന്റോടെ മലപ്പുറം ജില്ലയാണ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്. 100.5 പോയിന്റുമായി പാലക്കാട് രണ്ടാമതും 68 പോയിന്റോടെ ആലപ്പുഴയും 59 പോയിന്റുമായി തിരുവനന്തപുരവും വാശിയോടെ
പിന്നിലുണ്ട്. 37 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മുന്നേറുന്നു.
സ്കൂള്‍ തലത്തിലുള്ള പോരാട്ടത്തില്‍ 35 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് വിഎംഎച്ച്എസ്എസ് വടവന്നൂരും കെഎച്ച്എംഎച്ച്എസ് അലത്തിയൂരും 21 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്ത്തുന്നുണ്ട്. പ്രധാന വേദിയായ എന്‍ഐടിക്ക് പുറമെ കോഴിക്കോടിന്റെ വിവിധ കോണുകളിലുള്ള ഒന്‍പത് വേദികളിലും സമാനമായ ആവേശമാണ് അലയടിക്കുന്നത്. കൊടിയത്തൂരിലെ സോഫ്റ്റ്ബോള്‍, ബേസ്ബോള്‍ കോര്‍ട്ടുകള്‍ മുതല്‍ പെരുവയലിലെ നെറ്റ്ബോള്‍ കോര്‍ട്ടിലും കുന്ദമംഗലത്തെ വടംവലി കളത്തിലും ദേവഗിരിയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലും കൊച്ചുകൂട്ടുകാര്‍ തങ്ങളുടെ സര്‍വ്വകരുത്തും പുറത്തെടുത്തു. ചാത്തമംഗലത്തെ യോഗയും സില്‍വര്‍ ഹില്‍സിലെയും പ്രസന്റേഷനിലെയും ബാസ്കറ്റ് ബോള്‍ മത്സരങ്ങളും കാണികള്‍ക്ക് മറക്കാനാവാത്ത കായിക വിരുന്നൊരുക്കി.















