കോഴിക്കോട്: മറ്റ് ഏത് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ
ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണെന്ന് വിനോദസഞ്ചാര-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ കോവൂരിലെ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂര്‍വം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.
ഇത് ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ന്യൂനപക്ഷ വികസന വകുപ്പ് രൂപീകരിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് നമ്മുടേത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന വിധം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ ചില കോണുകളില്‍നിന്നു ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പ്രീണനം എന്ന വാക്ക് ഉപയോഗിച്ചാണ് ദുര്‍വ്യാഖ്യാന ശ്രമം നടക്കുന്നത്.
കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കിയ മാറ്റം മനസിലാക്കണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ അവസ്ഥയുമായി താരതമ്യം ചെയ്താല്‍ മതി.
കേരള ജനസംഖ്യയുടെ 10.50 ശതമാനം വരുന്ന പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും വലിയ തോതിലുള്ള പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്-മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ എ.എ.റഷീദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്മാന് ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ബാബു എബ്രഹാം, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ജോണി ജോസഫ് (പെന്തക്കോസ്ത് സഭ) ഫാദര്‍ ബേസില്‍ ടി ഏലിയാസ് (യാക്കോബായ), ടി കെ അബ്ദുറഹ്മാന് ബാഖവി (കേരള മുസ്ലിം ജമാഅത്ത്), അശോകന് കെ ടി (കേരള ബുദ്ധമഹാസഭ), ഫാദര്‍ പോള്‍ പേഴ്സി ഡിസില്‍വ (ലത്തീന്‍ കാത്തലിക് അസോസിയേഷന് കോഴിക്കോട് രൂപത), വി അബ്ദുല്‍സലാം (കെഎന്‍എം), സിറാജുദ്ദീന് ഇബ്നു ഹംസ (ജമാഅത്തെ ഇസ്ലാമി), പി കെ അബ്ദുല്‍ ലത്തീഫ് (എംഇഎസ്), അഫ്സല് കൊളാടി (ഐഎഎംഇ), അബ്ദുള്‍ സഫീര്‍ (വിസ്ഡം), ബിനു എഡ്വെഡ് (കേരള ലാറ്റിന്‍ കാതോലിക്ക്), പാസ്റ്റര്‍ നോബിള്‍ തോമസ് എന്നിവര്‍ സംസാരിച്ചു. കമ്മീഷന് അംഗം എ സൈഫുദ്ദീന് സ്വാഗതവും മറ്റൊരു അംഗം പി റോസ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ‘ന്യൂനപക്ഷ സമൂഹവും വിജ്ഞാന തൊഴിലും’ എന്ന വിഷയത്തില്‍ കേരള നോളജ് ഇക്കോണമി മിഷന് പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചനും ‘ന്യൂനപക്ഷങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍’ എന്ന വിഷയത്തില്‍ കമ്മീഷനംഗം പി റോസയും ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആക്ട് എന്ത്.. എന്തിന്’ എന്ന വിഷയത്തില്‍ അംഗം എ സൈഫുദ്ദീന് ഹാജിയും സംസാരിച്ചു.