തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് സര്‍ക്കാര്‍ നീക്കം. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പൊലീസ് റിപ്പോര്‍ട്ട് തേടി.
ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. ഇതുപയോഗപ്പെടുത്തിക്കൊണ്ടാണ് ടി.പി വധക്കേസിലെ കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ക്ക് ശിക്ഷ നല്‍കാനുള്ള നീക്കം ആരംഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ജയില്‍ ഉപദേശക സമിതി തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലാണ് ടി.പി കേസിലെ മൂന്ന് പ്രതികളുടെയും പേര് ഉള്‍പ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായി 20 വര്‍ഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചവരാണ് ഈ മൂന്ന് പ്രതികളും.
പ്രതികള്‍ക്ക് ഈ മാസം പരോള്‍ അനുവദിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതോടെയാണ് ജയില്‍ വകുപ്പിന്റെ നടപടി. കൊടി സുനിയും അനൂപും ഒഴികെയുള്ള പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് അപേക്ഷ സമര്‍പ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ അന്ന് വ്യക്തമാക്കിയത്.