ആയഞ്ചേരി: മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട ആള്‍ക്ക് ഡിസിസി പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായി ആരോപണം. ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തുണ്ടിയില്‍ ശ്രീധരനാണ് നോട്ടീസ് കിട്ടിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് കത്തില്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. കത്ത് കിട്ടിയ ഉടനെ മറുപടി അയച്ചതായി ശ്രീധരന് പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യപിച്ചതാണെന്ന് ശ്രീധരന് മറുപടിയില്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് തങ്ങളെ അകറ്റി നിര്‍ത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടേണ്ടി വന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച ആള്‍ക്കെതിരെ പ്രവര്‍ത്തിച്ച മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി എടുക്കാത്തതിനേയും മറുപടി കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 141 പേര് ഒപ്പിട്ട നിവേദനം കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നല്‍കിയിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടിയിലില്ലാത്ത തന്നെ പോലുള്ളവര്‍ക്കെതിരെ നടപടി നോട്ടീസ് അയച്ച് തപാല്‍
സ്റ്റാമ്പിന്റെ പണം നഷ്ടപ്പെടുത്തേണ്ടെന്നും കത്തില്‍ പറഞ്ഞു.