തലശ്ശേരി: എരഞ്ഞോളിയില്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട വേലായുധന്റെ വീട് സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍ എംപി. 10 പൈസയ്ക്ക് ഗുണമില്ലാത്ത രീതിയിലാണ് ബോംബ് കേസുകളില്‍ പോലീസ് ഇടപെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്ന് യുവതി
എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വയോധികന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വേലായുധന്റെ അയല്‍വാസി സീന രംഗത്തെത്തി. പ്രദേശത്ത് സ്ഥിരമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. തൊട്ടടുത്ത പറമ്പില്‍ നിന്ന് പോലും നേരത്തെയും ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.
പോലീസിനെ അറിയിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ ബോംബുകള്‍ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സഹികെട്ടാണ് തുറന്നു പറയുന്നത്. ജീവിക്കാന്‍ അനുവദിക്കണമെന്നാണ് പാര്‍ട്ടിയോടുള്ള അപേക്ഷ. ബോംബ് പൊട്ടി മരിക്കാന്‍ ആഗ്രഹമില്ല. ഇത്തരക്കാരെ നേതൃത്വം നിയന്ത്രിക്കണമെന്നും സീന പറഞ്ഞു.