വാണിമേല്‍: കരുകുളം തിരികക്കയം വെള്ളച്ചാട്ടം കാണാന്‍ മഴക്കാലമായതോടെ സഞ്ചാരികളുടെ ഒഴുക്ക് കനത്തു. ദിവസവും നിരവധി പേരാണ് വെള്ളച്ചാട്ടം കാണാനും കുളിക്കാനും എത്തുന്നത്. പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ആളുകള്‍ ശ്രദ്ധയോടെ മടങ്ങുമ്പോള്‍ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയിലാണ് ചിലര്‍ ഏര്പെടുന്നത്്.
കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിന് മീതെ എത്തിപ്പെടുകയാണ് ഇത്തരക്കാര്‍. വഴുവഴുപ്പുള്ള പാറയുടെ മുകളില്‍ കയറുക തന്നെ സാഹസികമാണ്. ശ്രദ്ധ തെറ്റിയാല്‍ താഴെ പതിക്കും. ഇത്തരം പ്രവൃത്തി ഏത് നിമിഷവും അപകടത്തിന് ഇടയാക്കുമെന്ന ആശങ്ക നാട്ടുകാര്‍ പങ്കുവെക്കുകയാണ്.
ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നതും. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലക്കു പുറത്തു നിന്നും ഇവിടെ വെള്ളച്ചാട്ടം കാണാന്‍ ആളുകള്‍ വരുന്നുണ്ട്. കാര്യമായ അപായബോര്ഡുകളൊന്നും ഇവിടെയില്ല. ഇക്കാര്യത്തില്‍ പഞ്ചായത്തും പോലീസും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന ആവശ്യം നാട്ടുകാരില്‍ ശക്തമാണ്. വെള്ളച്ചാട്ടം കാണാന്‍ വരുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്ന രീതിയില്‍ മുകളില്‍ കയറുന്നത് അവസാനിപ്പിക്കണമെന്ന് പലരും ആവശ്യപെടുന്നു.