മുയിപ്പോത്ത്: പൈലറ്റ് ട്രെയിനിങ് പൂര്‍ത്തിയാക്കി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്.ചൗധരി യില്‍ നിന്നു ഗോള്‍ഡന്‍ വിംഗ്സ് പുരസ്കാരം സ്വീകരിച്ച ലെഫ്റ്റനന്റ് അംഗജ് ശ്രീ വിവേക് ചെറുവണ്ണൂരിന്റെ അഭിമാനമായി. ഹൈദരാബാദിനടുത്ത് ദുണ്ഡിഗലിലെ എയര്‍ഫോഴ്സ് ഫ്ളയിങ് അക്കാദമിയിലായിരുന്നു ചടങ്ങ്.
കോഴിക്കോട് നവോദയയില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ അംഗജ് ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ ചേര്‍ന്നതോടെയാണ് രാജ്യസേവനത്തിന്റെ പുതുവഴി വെട്ടിയത്. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെക് ബിരുദം നേടിയ അംഗജ് ഇന്ത്യന്‍ നേവി എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആയി 2021 ജൂണില്‍ പാസ് ഔട്ട് ആയി. സ്പെഷ്യല്‍ ഓപ്ഷനില്‍ നേവിയുടെ തന്നെ ഏവിയേഷന്‍ വിംഗ് തെരെഞ്ഞെടുത്ത ലെഫ്റ്റനന്റ് അംഗജ് മാസങ്ങളായി ഹൈദരാബാദിനടുത്ത് ദുണ്ഡിഗലിലെ എയര്‍ഫോഴ്സ് ഫ്ളയിങ് അക്കാദമിയില്‍ അതി തീവ്ര പൈലറ്റ് പരിശീലനത്തിലായിരുന്നു. ജൂണ്‍ 15 ന് അക്കാദമിയില്‍ നടന്ന വര്‍ണ ശബളമായ പാസിംഗ് ഔട്ട് പരേഡില്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി ലെഫ്റ്റനന്റ് അംഗജ് ഉള്‍പെടെയുള്ളവരെ ‘ഗോള്‍ഡന്‍ വിങ്സ്’ അണിയിച്ചു. മുന്‍കൂട്ടി കമ്മീഷന് ചെയ്ത പരിശീലനം പൂര്‍ത്തിയാക്കിയ ഫ്ളൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ 200 ഓളം ഫ്ലൈറ്റ് കേഡറ്റുകള്‍ക്ക് എയര്‍ സ്റ്റാഫ് മേധാവി ഗോള്‍ഡന്‍ വിംഗ്സും രാഷ്ട്രപതിയുടെ കമ്മീഷനും സമ്മാനിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് സ്വദേശികളായ വിജയലക്ഷ്മിയുടെയും (ടീച്ചര്‍, വിഇഎം യുപി) എ.കെ.നരേന്ദ്രന്റെയും (യൂണിയന് ബാങ്ക് തിരുവള്ളൂര്‍) മകനാണ് അംഗജ് ശ്രീ വിവേക്.
ഇന്ത്യന്‍ നേവിയില്‍ നിന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നിന്നുമുള്ള ഒമ്പത് ഓഫീസര്‍മാര്‍ വീതവും സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.