കോഴിക്കോട്: വാദ്യകലയിലെ പാണി എന്നതുപോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യമാണെന്ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍ അഭിപ്രായപ്പെട്ടു. തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങള്‍ ചര്‍ച്ച ചെയ്യാനും തനത് ചുവടുകള്‍ പരിചയപ്പെടുത്താനും കോഴിക്കോട് കണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച അഖില കേരള തിരുവാതിരക്കളി ശില്പശാല ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം.
തിരുവാതിരക്കളിക്ക് കൃത്യമായ നിയമാവലി ഉണ്ടാകുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് മുഖ്യാതിഥിയായി സംസാരിച്ച കേരള ഫോക് ലോര്‍ അക്കാദമി സിക്രട്ടറി എ.വി.അജയകുമാര്‍ അഭിപ്രായപ്പെട്ടു. പ്രശസ്ത കൈകൊട്ടിക്കളിപ്പാട്ട് രചയിതാവ് കെ.എല്‍.എം.സുവര്ദ്ധനനെ ആദരിച്ചു. ആലുവ സെന്റ് സേവിയേഴ്സ് കോളജ് റിട്ട. പ്രൊഫ. ഡോ.സി ശാന്തകുമാരി അധ്യക്ഷയായിരുന്നു.
റിട്ട. പ്രൊഫ. അംബുജാക്ഷി, ഗീത ശര്‍മ്മ ഗുരുവായൂര്‍, പ്രീത ബാലകൃഷ്ണന് ഏറണാകുളം, മായനെല്ലിയോട് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശില്പശാല കോ-ഓര്‍ഡിനേറ്റര്‍ സുവര്‍ണ ചന്ദ്രോത്ത്, കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.നിര്‍മല, യുആര്‍സി സൗത്ത് ബിപിസി.പ്രവീണ്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുപ്രഭ ശശീന്ദ്രന് സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 100 ഓളം പ്രതിനിധികള്‍ പങ്കെടുത്ത ശില്പശാലയില് എഴുതി തയ്യാറാക്കിയ തിരുവാതിരക്കളി നിയമാവലി പൊതുവിദ്യാഭ്യാസ വകുപ്പിനും കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്കും സമര്‍പിക്കാനും തീരുമാനിച്ചു.