
വടകര: ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയില്‍ നിന്നു 4.480 ഗ്രാം സ്വര്‍ണം കവര്‍ന്നെന്ന പരാതിയില്‍ ജീവനക്കാരന് അറസ്റ്റില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി
പറമ്പില്‍ രഞ്ജിത്തിനെ(48)യാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയിലാണ് സ്വര്‍ണം നഷ്ടമായത്. മാസം തോറും നടക്കുന്ന സ്റ്റോക്കെടുപ്പിലാണ് സ്വര്‍ണം നഷ്ടമായത് കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണം സുഹൃത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അവിടെ തന്നെ വില്പന നടത്തുകയായിരുന്നു. പണം അയയ്ക്കാന്‍ സുഹൃത്തിന്റെ അക്കൗണ്ട് നമ്പറും നല്കി. സ്ഥാപനത്തിലെ മുഴുവന്‍ സ്വര്‍ണത്തിന്റെയും തൂക്കം പരിശോധിച്ചപ്പോഴാണ് കുറവ്
മനസ്സിലായത്. സ്വര്‍ണം നഷ്ടമായതോടെ വേസ്റ്റ് പേപ്പറുകള്‍ അടക്കം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലടക്കം പരിശോധന നടത്തിയിരുന്നു. ഇതിലും കാണാതായതോടെയാണ് സിസിടിവി പരിശോധിച്ച് മോഷണം കണ്ടെത്തിയത്. ശേഷം വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം വ്യക്തമായതോടെ രഞ്ജിത്ത് ജോലിക്ക് വന്നിരുന്നില്ല. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















