വടകര: വടകര വെസ്റ്റ് ജെബി സ്കൂളിലെ മുഹമ്മദ് സമാന് എന്ന കൊച്ചുമിടുക്കന്റെ വലിയ മനസിന് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വക സൈക്കിള്‍ സമ്മാനം. പാവപ്പെട്ട കുട്ടിക്ക് വീട് നിര്‍മിച്ചു നല്കുന്ന സ്നേഹഭവനം പദ്ധതിയിലേക്ക് സമ്പാദ്യക്കുടുക്ക കൈമാറി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് സമാന്.
കഴിഞ്ഞ വര്‍ഷമാണ് സ്നേഹഭവനം പദ്ധതിയിലേക്ക് പണം സ്വരൂപിക്കാന്‍ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തീരുമാനിച്ചത്. ഇത് അറിഞ്ഞാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി സമാന് ക്ലാസ് ടീച്ചര്‍ ഷൈനിയുടെ കൈവശം തന്റെ കൊച്ചു സമ്പാദ്യക്കുടുക്ക ഏല്പിക്കുന്നത്. അത്ഭുതം തോന്നിയ ടീച്ചര്‍ ഇത് സ്വന്തം ഇഷ്ടപ്രകാരമല്ലേ നല്‍കുന്നതെന്ന് ചോദിച്ചപ്പോള്‍ വീടില്ലാത്ത ആള്‍ക്കല്ലേ എന്ന് പറയുകയായിരുന്നു. സമാന് മാസങ്ങളോളം സമാഹരിച്ച ആയിരത്തി അഞ്ഞൂറില്പരം രൂപയാണ് ഈ ഉദ്യമത്തിന് നല്‍കിയത്.
ഇക്കാര്യം അറിഞ്ഞ സ്കൗട്ടിന്റെ ജില്ലാ കമ്മീഷണര്‍ സി.കെ.മനോജ് കുമാര്‍ ഈ മിടുക്കന് സൈക്കിള്‍ സമ്മാനമായി നല്കുമെന്നു സ്നേഹഭവനത്തിന്റെ താക്കോല്‍ദാന ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം വിദ്യാലയം തുറന്നതിനു പിന്നാലെ സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സി.കെ.മനോജ് കുമാര്‍ സൈക്കിള്‍ സമ്മാനമായി നല്‍കുകയും ചെയ്തു.
വടകര നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് എം.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ എച്ച്എം ഫോറം കണ്‍വീനര്‍ കെ കെ മനോജ് കുമാര്‍, സ്കൗട്ട് ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷനര്‍ സുനീഷ്, കെ.എന്‍.ബിജു, കെ.പി.ജിതേഷ് എന്നിവര്‍ ആശംസ നേര്‍ന്നു. പ്രധാന അധ്യാപിക ഷൈനി സ്വാഗതവും ഹേമന്ത് നന്ദിയും പറഞ്ഞു. ജലീൽ – യംഷീല ദമ്പതികളുടെ മകനാണ് മുഹമ്മദ് സമാന്.