വടകര: വടകര ഫയര്‍ & റെസ്ക്യൂ സ്റ്റേഷന് പുതുതായി ഡിസിപി (ഡ്രൈ കെമിക്കല്‍ പൗഡര്‍) ടെന്‍ഡര്‍ ലഭിച്ചു. സംസ്ഥാനത്ത് ആകെ വാങ്ങിയ അഞ്ച് എണ്ണത്തില്‍ ഒന്നാണ് വടകരക്കു കിട്ടിയത്.
പെട്രോളിയം ഉല്പന്നങ്ങളുടെ തീപ്പിടിത്തവും ഇലക്ട്രിക് തീപിടിത്തവും വളരെ വേഗത്തില്‍ അണയ്ക്കാന്‍ ഉതകുന്ന രീതിയിലാണ് ഈ വാഹനം രൂപകല്പന ചെയ്തിരിക്കുന്നത്. 2000 കിലോഗ്രാം വരുന്ന ഡ്രൈ കെമിക്കല്‍ പൗഡര്‍; നൈട്രജന്‍ വാതകത്തിന്റെ സഹായത്തോടെ തള്ളിവിട്ടാണ് ഈ സംവിധാനം ഉപയോഗിച്ച് തീ കെടുത്തുന്നത്. ഒരു കോടിയോളം രൂപ വിലവരുന്ന ഈ വാഹനം ഗുജറാത്തിലെ വഡോദരയിലുള്ള വിമല്‍ ഫയര്‍ കണ്ട്രോള്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിര്‍മിച്ചിരിക്കുന്നത്. ടാറ്റായുടെ വാഹനത്തില്‍ സജ്ജമാക്കിയ ഡിസിപി ടെന്‍ഡറില്‍ 45 കിലോ വീതം വരുന്ന രണ്ട് കാര്‍ബണ്‍ ഡയോക്സൈഡ് എക്സ്റ്റിങ്ക്യൂഷര്‍ ട്രോളിയുമുണ്ട്.