
വടകര: വളര്‍ച്ചയുടെ പടവുകളില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്. ഏഴ് കോടി രൂപ ചെലവില്‍ വീരഞ്ചേരിയില്‍ പണിത ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടന സജ്ജമായി. 25ന് രാവിലെ 11 മണിക്ക് പ്രതിപക്ഷ
നേതാവ് പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സഹകരണ പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ വടകരയുടെ മണ്ണില്‍ ആഴത്തില്‍ വേരൂന്നിച്ച് വിപുലമായ ശാഖകളോടെ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മഹത്തായ സ്ഥാപനമാണ് വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്. രണ്ടാം ലോകമഹായുദ്ധാനന്തരം സ്വാതന്ത്ര്യസമരസേനാനിയും വടകര എംഎല്‍എയുമായിരുന്ന എം കൃഷ്ണന്റെ നേതൃത്വത്തില്‍ 1946ല്‍ സ്ഥാപിതമായ പ്രൊഡ്യൂസേഴ്സ് & കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയാണ് 1956ല്‍ റൂറല്‍ ബാങ്കായി മാറിയത്. 80 വര്‍ഷം പിന്നിടുമ്പോള്‍, ബാങ്കില്‍ 1,15,716 അംഗങ്ങളില്‍ 17,521 എ ക്ലാസ്സ് അംഗങ്ങളുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 504 കോടിയും നിക്ഷേപ ബാക്കി നില്‍പ്പ് 501 കോടി രൂപയും വായ്പ ബാക്കി നില്‍പ്പ് 436 കോടി രൂപയുമാണ്. നിലവില്‍ 82 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 185 പേര് ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു.
ജനങ്ങളുടെ പ്രയാസങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിന്നും ജനങ്ങളുടെ അംഗീകാരം നേടിയുമാണ് ബാങ്ക് നാളിതുവരെ വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍
ഉള്‍ക്കൊണ്ടും ആധുനിക ശാസ്ത്ര സാങ്കേതിക രീതികള്‍ വിനിയോഗിച്ചുമാണ് ദ്രുതഗതിയിലുള്ള ഇന്നത്തെ വളര്‍ച്ച സാധ്യമാക്കിയത്. സഹകരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ ഈ കാലയളവില്‍ ബാങ്ക് നേടിയെടുത്തിട്ടുണ്ട്. നിക്ഷേപങ്ങളുടെ സുരക്ഷിതത്വവും സുതാര്യമായ വായ്പ സംവിധാനവും ബാങ്കിന്റെ പ്രത്യേകതയാണ്.
പ്രമുഖ ധനകാര്യ സ്ഥാപനം എന്ന നിലയില്‍ നബാഡിന്റെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 7 കോടി രൂപ വിനിയോഗിച്ചാണ് ആധുനികവല്‍ക്കരിച്ച പുതിയ കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ്
സൊസൈറ്റിയുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയിട്ടുള്ളത്.
ഇതോടൊപ്പം കര്‍ഷക സേവകകേന്ദ്രം, കാര്‍ഷിക നേഴ്സറി, ഓഡിറ്റോറിയം, കാര്‍ഷിക പരിശീലന/ സെമിനാര്‍ ഹാള്‍, മെഡിക്കല്‍ ലബോറട്ടറി & ഫാര്‍മസി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ഷാഫി പറമ്പില്‍, കെ.കെ.രമ എംഎല്‍എ, പാറക്കല്‍ അബ്ദുള്ള എംഎല്‍എ, കേരള ബാങ്ക് ചെയര്മാന് പി.മോഹനന് എന്നിവര്‍ പങ്കെടുക്കുമെന്ന് സി.ഭാസ്കരന് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് പി.കെ.ശശി, ബാങ്ക് സെക്രട്ടറി ടി.വി.ജിതേഷ്, ഡയരക്ടര്‍മാരായ ടി.ശ്രീനിവാസന്, ഡോ.അബ്ദുള്അസീസ്, എ.പി.അമര്‍നാഥ്, പി.കെ.സതീശന്, എ.പി.സതി, എം.രമണി തുടങ്ങിയവര്‍ പങ്കെടുത്തു.
















