
കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ ബസിനടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല് തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25),
പാമ്പാടി കടുംവുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന് കുര്യന് (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
പൊന്‍കുന്നം ഭാഗത്തേക്ക് പോകാന്‍ യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ കട്ടപ്പനയില്‍നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസിനടിയില്‍പെട്ടാണ് അപകടം. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബസിനടിയിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു.
റോഡരികില്‍ നിന്ന വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാനായി മുന്‍പേ പോയ കാര്‍ ബ്രേക്ക്
ചെയ്തപ്പോഴാണ് അപകടമെന്ന് ദൃക്സാഷികള്‍ പറയുന്നു. പിന്നാലെ എത്തിയ മറ്റൊരു കാറും ബ്രേക്ക് ചെയ്തു. ഇതിനിടയിലാണ് പിന്നിലായെത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും ബസിനടിയിലേക്ക് വീണതും. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഓസ്ട്രേലിയയില്‍ എംഎസ്ഡബ്ല്യു പഠനം പൂര്‍ത്തീകരിച്ച് നാട്ടിലെത്തിയ കൃപയും ബെംഗളൂരുവില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആഷ്ലിയും സ്കൂളില്‍ സഹപാഠികള്‍ ആയിരുന്നു. നാട്ടിലെത്തുമ്പോള്‍ ഒന്നിച്ച് പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് അപകടമരണം.
















