
ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) സിലിണ്ടര്‍ പരിശോധനാ കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന
അനിശ്ചിതകാല സത്യാഗ്രഹം പതിനാറ് ദിവസം പിന്നിട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സ്ഥാപനം ജനവാസ മേഖലയില്‍ നിന്ന് മാറ്റിസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.
അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
പതിനാറാം ദിവസത്തെ സത്യാഗ്രഹ സമരം ഏകതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാത എസ്. വര്‍മ ഉദ്ഘാടനം ചെയ്തു. ‘സാധാരണക്കാരുടെ ആശങ്കകള്‍ കണ്ടില്ലെന്ന്
നടിക്കാന്‍ അധികാരികള്‍ക്കാവില്ല. ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൂര്‍ണമായി അടച്ചുപൂട്ടുന്നതുവരെ ഏകതാ പരിഷത്ത് സമരസമിതിക്കൊപ്പം അടിയുറച്ചു നില്ക്കും,’ അവര്‍ വ്യക്തമാക്കി.
അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ഏകതാ പരിഷത്ത് സംസ്ഥാന സെക്രട്ടറി പപ്പന് കന്നാട്ടി എ.കെ. ഷാജി, കെ.എം.സി. തങ്ങള്‍, നാണു കുനിമ്മല്‍, കരീം പിലാക്കി, എ.കെ. ലത്തീഫ്, വിജീഷ് വട്ടക്കുനി, കുഞ്ഞിമ്മല് കുഞ്ഞബ്ദുള്ള, ഹമീദ്, മുനീര്‍ രാമത്ത്, മുത്തു തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു.
















