
കൊയിലാണ്ടി: ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് കോടികള്‍ കവര്‍ന്ന കേസില്‍ കൊയിലാണ്ടി നെല്യാടി പരപ്പിന്കുനിയില് ബാലകൃഷ്ണന് പൊലീസില്‍ കീഴടങ്ങി.
സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് ഏകദേശം എട്ട് കോടി ഇന്ത്യന്‍ രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ കൊയിലാണ്ടി പൊലീസില്‍ കീഴടങ്ങിയത്. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ടായിരുന്നു കവര്‍ച്ച.
പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു. ബാലകൃഷ്ണനു പുറമെ ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസന് എന്ന മമ്മാലി, നിസാര്‍ എന്നിവരാണ് മറ്റ്
പ്രതികള്‍. ഇവരെ പിടികൂടാനുണ്ട്.
തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ബാലകൃഷ്ണന്റെ വാദം. കഴിഞ്ഞ വര്‍ഷം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇപ്പോഴാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസി അംഗങ്ങളില്‍നിന്ന് മെമ്പര്‍ഷിപ്പ് ഫീസിനത്തിലും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായും സമാഹരിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.
















