തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. തൃശൂരില്‍ മിന്നും വിജയം നേടി ബിജെപി കേരളത്തില്‍ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിന്നും ജയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങളുടെ പ്രതികരണം.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രം. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു. തൃശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ വിജയത്തിന്റെ മാധുര്യത്തില്‍ കല്ലുകടിയാകുകയാണ് സുരേഷ് ഗോപിയുടെ അതൃപ്തി. അതേ സമയം സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്നാണ് സൂചന. ജോര്‍ജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.
അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്കുന്ന വിശദീകരണം.