ന്യൂഡൽഹി: സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ നടത്തിയ
വാർത്താസമ്മേളനത്തിലാണ് രാജ്നാഥ് സിംഗ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ടെന്നും, ബംഗ്ലാദേശിൽ കണ്ടതിന് സമാനമായ രീതിയിൽ ഇവിടെയും ഭരണമാറ്റത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെയുള്ള ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. രാഹുൽ ഗാന്ധിയും കോൺഗ്രസും അവസരവാദ രാഷ്ട്രീയമാണ് പുറത്തെടുക്കുന്നത്. പൊതുജനാഭിപ്രായത്തെ മാനിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. സർക്കാരിനെ അട്ടിമറിക്കാൻ ധിക്കാരപൂർവം ആഹ്വാനം ചെയ്യുന്നവർ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നത്. ഗാന്ധിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാർമിക അവകാശങ്ങളും കോൺഗ്രസ് നേതാക്കൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞതായും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.















