
മൈസൂരു: ബംഗളൂരു-മൈസൂര് റോഡില് സ്ലീപ്പര് ബസും ലോറിയും കൂട്ടിയിടിച്ച് മലയാളികളടക്കം നാലു പേര് മരിച്ചു. മുപ്പതോളം പേര്ക്ക് പരിക്കേറ്റു. മൈസൂരുവിന് സമീപം
പെരിയപട്ടണത്താണ് അപകടം. രണ്ടു കോഴിക്കാട്ടുകാരും ബസ് ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. കോഴിക്കോട് ബേപ്പൂര് സ്വദേശി അഫ്താബ്(28), മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികള്. ബംഗളൂരുവില് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാവേരി ട്രാവല്സിന്റെ ബസാണ് അപകടത്തില് പെട്ടത്. പുലര്ച്ചെ 3.45 ഓടെയാണ് അപകടം. കനത്ത മഴയില് മരം കടപുഴകി വീണ് റോഡില് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിരുന്നതാണ് അപകടത്തിനിടയാക്കിയത്.
റോഡില് മരം വീണതിനാല്, അതുവഴി
വന്ന ലോറി വലതുവശത്തേക്ക് വെട്ടിച്ചു മാറ്റിയപ്പോള് എതിര്ദിശയില് എത്തിയ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പരിക്കേറ്റവരില് പലരുടെയും നില ഗുരുതരമായതിനാല് മരണസംഖ്യ ഉയരാന് സാധ്യതയുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണത്തെയും മൈസൂരുവിലെയും ആശുപത്രിയില് പ്രവേശിപ്പിച്ചു. പൂജ അവധിയായതിനാല് ബസില് മുഴുവന് സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.
















