തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായ ഡല്ഹിയിലെ പ്രതിഷേധങ്ങള്ക്കിടെ പരിക്കേറ്റ എന്എസ്യുഐ നേതാവ് ആതിര
വിജയന്റെ പരാതിയില് സീറോ എഫ്ഐആറിട്ട് കേരള പൊലിസ്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡിജിപിക്കാണ് ആതിര പരാതി നല്കിയത്. സമരത്തിനിടെ പരിക്കേറ്റ ആതിര ഉള്പ്പെടെയുള്ളവര് ഇക്കഴിഞ്ഞ ദിവസം കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കൊപ്പം വാര്ത്താ സമ്മേളനം നടത്തിയിരുന്നു. സ്വകാര്യ ഭാഗങ്ങളില് ഉള്പ്പെടെ പൊലിസ് മര്ദിച്ചതായും തികച്ചും ക്രൂരമായാണ് സമരക്കാരെ പൊലിസ് നേരിട്ടതെന്നും വിദ്യാര്ഥികള് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 13ന് നടത്തിയ
പ്രതിഷേധത്തിനിടെ ആതിരയ്ക്ക് മര്ദനമേറ്റു എന്നാണ് എഫ്ഐആറില് പറയുന്നത്. പ്രതികളുടെ സ്ഥാനത്ത് പ്രത്യേകമായി ആരുടെയും പേര് പറയുന്നില്ല. അതേസമയം ആതിര നല്കിയ പരാതിയില് പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് ഇനിയും കേസ് രജിസ്റ്റര് ചെയ്തിട്ടില്ല.
എഫ്ഐആര് ഡല്ഹി പൊലിസിന് കൈമാറിയിട്ടുണ്ട്. എഫ്ഐആറില് നടപടിയുണ്ടായില്ലെങ്കില് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് വീണ്ടും പ്രതിഷേധമുണ്ടാകുമെന്നാണ് റിപ്പോര്ട്ടുകള്.
















