കടമേരി: പരിസ്ഥിതി ദിനത്തിൽ സ്വയം ഉല്പാദിപ്പിച്ച തൈകൾ വിതരണം ചെയ്യുന്നതിനായി തയ്യാറെടുത്തിരിക്കുകയാണ് കടമേരി എം.യു.പി സ്കൂൾ. ഫോറസ്ട്രി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 5000 ത്തോളം തൈകളാണ് ഈ വർഷം സ്കൂളിൽ വളർത്തിയെടുത്തിട്ടുള്ളത്. കേരള സർക്കാർ വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരമാണ് വിവിധയിനം വൃക്ഷത്തൈകൾ നട്ടു മുളപ്പിച്ചത്. കോഴിക്കോട് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്ന രണ്ട് വിദ്യാലയങ്ങളിൽ ഒന്നാണ് കടമേരി എം.യു.പി സ്കൂൾ.
വിവിധയിനം മുളത്തൈകൾക്ക് പുറമേ ഫലവൃക്ഷത്തൈകളായ മാവ്, പ്ലാവ്, പേരക്ക,
നെല്ലിക്ക, അനാർ, സപ്പോട്ട,ചാമ്പയ്ക്ക, ബട്ടർ തുടങ്ങിയവയായി അയ്യായിരത്തോളം തൈകളാണുള്ളത്. രണ്ടുമാസത്തെ വേനലവധിക്കാലത്ത് തൈകൾ വാടിപ്പോകാതെ ദിനേനവന്ന് ആവശ്യമായ വെള്ളവും വളവും നൽകി പരിപാലിച്ച് പോന്നത് ക്ലബ്ബ് കൺവീനർ അയ്യൂബാണ്. കഠിന ചൂടിലും ഒരു തൈ പോലും നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്തുന്നതിൽ അയ്യൂബ് മാസ്റ്ററുടെ സേവനം വളരെ വലുതാണ്.പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ 1400 ഓളം വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം നടത്തും. കൂടാതെ കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡലം പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്കാവശ്യമായ തൈകൾ നൽകുന്നതും ഈ ഫോറസ്ട്രി ക്ലബ്ബാണ്. പുതുതായി
പ്രവൃത്തി പൂർത്തീകരിച്ച ആയഞ്ചേരി- തിരുവള്ളൂർ റോഡിൽ നൂറുകണക്കിന് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ മുഖ്യ പദ്ധതി. അന്യം നിന്നു പോകുന്ന നാട്ടുമാവിൻ തൈകളുടെ വൻ ശേഖരം തന്നെ ഈ വൃക്ഷത്തൈകളുടെ കൂട്ടത്തിലുണ്ട്. നേരത്തെ കടമേരി – തണ്ണീർപ്പന്തൽ – നരിക്കാട്ടേരി കനാൽ റോഡിലും മംഗലാട് – അരയാക്കൂൽ താഴ റോഡിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിൻ്റെ ‘വനമിത്ര’ പുരസ്കാരവും മുമ്പ് സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്.