വടകര: സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ വോട്ടെണ്ണലിനു മുന്നോടിയായി പോലീസ് സുരക്ഷ ശക്തമാക്കി. നാദാപുരത്തും കല്ലാച്ചിയിലും പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. ആഹ്ലാദ പ്രകടനങ്ങള്‍ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
ഫല പ്രഖ്യാപന ദിവസം അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി നാദാപുരം മേഖലയില്‍ അമ്പതോളം പിക്കറ്റ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചു. ക്രമസമാധാന പാലനത്തില്‍ യാതൊരു വീഴ്ചയും ഇല്ലാതെ പോലീസ് മുന്നോട്ടുപോകും. ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കും. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പു നല്കി. സാമൂഹിക മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രാഷ്ട്രീയപാര്‍ട്ടികള്‍ താഴെതട്ടില്‍ വരെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനിഷ്ടസംഭവം ഉണ്ടാവില്ലെന്നാണ് പൊതുവിലയിരുത്തല്‍.