വടകര: ”അച്ഛാ…. മറ്റു കുട്ടികളെ പോലെ എനിക്കും നടക്കണം…. ഇല്ലെങ്കില്‍ ഞാന്‍ ഇനി സ്കൂളില്‍ പോകുന്നില്ല…”
കേള്‍ക്കുമ്പോള്‍ ആരുടെയും കരളലിയിക്കുന്ന ഈ വാക്കുകള്‍ എട്ടുവയസുകാരന് ഫിദല്രാജിന്റേതാണ്. വൈക്കിലശ്ശേരി കരുവേലിക്കുനിയില് രജിലേഷിന്റെയും (മോനൂട്ടി) ജിന്‍സിയുടെയും മകന്.
പൂക്കളോടും പൂമ്പാറ്റകളോടും കളി പറഞ്ഞ് അതിലോലമായ കാല്പാദങ്ങളില് മണല്‍ തരികളുടെ തലോടലേറ്റ് ഈ ഭൂമിയില്‍ ഇടറി വീഴാതെ പിച്ചവെച്ചു നടന്നുപഠിക്കാന് ഫിദല്‍ രാജിന് കഴിയുന്നില്ല. ജന്മനാ സെറിബ്രല്‍പാള്‍സി എന്ന രോഗം അവനെ കീഴടക്കി.
ശസ്ത്രക്രിയയിലൂടെ അവനു നടക്കാന്‍ ആകുമെന്ന് പൂനയിലുള്ള സെയ്ഫി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞു മനസ്സിന്റെ കണ്ണുകളില്‍ പ്രതീക്ഷവിടര്ന്നു. പക്ഷേ; ശസ്ത്രക്രിയയുടെയും തുടര്‍ചികിത്സയുടെയും ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
ചെരിഞ്ഞുപോവാതെ, ഇടറിവീഴാതെ ഈ മനോഹര ഭൂമിയില്‍ മറ്റുള്ളവരെ പോലെ ഫിദല്‍ രാജിനും നടക്കണം. അതിനു വേണ്ടി കുടുംബത്തെ സഹായിക്കാന്‍ ജനപ്രതിനിധികളും നാട്ടുകാരും തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നാളെ (ഞായര്‍) വൈകുന്നേരം അഞ്ചിന് വൈക്കിലശ്ശേരി യുപി സ്കൂളില്‍ യോഗം ചേരുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.