നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ നെടുംപറമ്പ്, മാവുറോഡ്, വെള്ളിയോട് എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിത്വ പരിശോധന നടത്തി. ഗുണനിലവാരം ഉറപ്പുവരുത്താതെ കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സ്കൂളുകള്‍ക്ക് രണ്ടാഴ്ച മുമ്പു തന്നെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിരുന്നത് പരമാവധി പാലിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തു നിര്‍മാണം,
പ്രദര്‍ശനം, വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മഞ്ഞപ്പിത്തം, ഭക്ഷ്യവിഷബാധ, വയറിളക്കം തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അഭ്യര്‍ഥിച്ചു. ഡങ്കിപ്പനി കൂടി വരുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതെയും കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായും പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. എലിപ്പനി പ്രതിരോധം ഉറപ്പുവരുത്താന്‍ മഴവെള്ളത്തിലും
മലിനജലത്തിലും സമ്പര്‍ക്കമുള്ളവര്‍ ഡോക്സിസൈക്ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ ഒരു ഡോസ് വീതം കഴിക്കണമെന്നും ഹോട്ടലുകളിലും കാറ്ററിങ്ങ് സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് പുതുക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: സഫര്‍ ഇഖ്ബാല്‍ അറിയിച്ചു. രോഗപകര്‍ച്ച ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജയരാജ് നേതൃത്വം നല്കി. ജൂനി:ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.വിജയരാഘവന്, സി.പി സതീഷ്, ചിഞ്ചു. കെ.എം. എന്നിവരും പങ്കെടുത്തു.