അഴിയൂര്‍: സ്കൂള്‍ ഇടവേളകളില്‍ പഴയ നാണയത്തുട്ടുകളുമായി കൂട്ടമായി ഓടിച്ചെന്ന് ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും പുളിയച്ചാറും തൊണ്ടക്കുഴലും വാങ്ങി കഴിച്ച ബാലേട്ടന്റെ പീടികയുടെ ഓര്‍മകള്‍ പുനരാവിഷ്കരിച്ച് അഴിയൂര്‍ ഹൈസ്കൂള്‍ 1997 എസ്എസ്എല്‍സി ബാച്ച് സംഗമവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഹൃദ്യമായി.
സംഗമത്തോടനുബന്ധിച്ചാണ് ബാലേട്ടന്റെ പീടിക പുനഃരാവിഷ്കരിച്ചത്. ഉപ്പും മുളകും പുരട്ടിയ പുളിനാരങ്ങയും സബര്‍ ജില്ലിയും കഴിച്ച രണ്ടര പതിറ്റാണ്ട് പിന്നിട്ട പഴയകാല ഓര്‍മകളിലേക്ക് ബാലേട്ടന്റെ പീടിക പൂര്‍വ വിദ്യാര്‍ഥികളെ കൂട്ടിക്കൊണ്ട് പോയി. അഴിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ അഞ്ചാംപീടികയില്‍ ബാലേട്ടന്റെ പീടിക മാറ്റങ്ങളോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
1997ല്‍ 10 ബി ക്ലാസ് അധ്യാപകനായിരുന്ന സുരേന്ദ്രനെ യോഗത്തില്‍ ആദരിച്ചു. പൂര്വവിദ്യാര്ഥികളുടെയും മക്കളുടെയും വിവിധ കലാകായിക പരിപാടികള്‍ അരങ്ങേറി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. വിവിധ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സാലിം പുനത്തില്‍, അഷ്ക്കര്‍ കെ എം, അഫ്സല് കെ വി എന്നിവരെ മൊമെന്റോ നല്കി ആദരിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം കൂടിയായ സാലിം പുനത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മനാഫ് പേരാമ്പ്ര, നൂറുദ്ദീന്‍, ഹഫ്സിന, ഷഹന, റൗഷിന, സാഫിന, റോഷ്ന സി വി, ദിവ്യ, ഷഹീന തുടങ്ങിയ വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഫ്സല് കെ വി സ്വാഗതവും ജസീല പി നന്ദിയും പറഞ്ഞു.