വട്ടോളി: കനത്ത വെള്ളക്കെട്ട് കാരണം നെല്കൃഷിമുടങ്ങുന്ന വട്ടോളി പാടശേഖരത്ത് ഇത്തവണയും സ്ഥിതിക്ക് മാറ്റമില്ലെന്ന് സൂചന. കുന്നുമ്മല്‍ പഞ്ചായത്തിലെ അവശേഷിക്കുന്ന പാടശേഖരങ്ങളിലൊന്നാണ് വട്ടോളിയിലേത്. എട്ട് ഏക്കര്‍ വയലില്‍ എതാണ്ട് 20 കര്‍ഷകരാണ് കൃഷി ചെയ്യാറ്. ഇരു ഭാഗത്തും തോടും നടുവില്‍ വയലുമായാണ് ഇതിന്റെ കിടപ്പ്. വലിയ തോട്ടില്‍ കൂടി കയറുന്ന വെള്ളം കൃഷിക്ക് ആവശ്യമായത് നിലനിര്‍ത്തി മറുഭാഗത്തെ തോട്ടിലൂടെ ഒഴുക്കി വീടുകയാണ് ചെയ്യാറ്. എന്നാല്‍ ഈ തോട് ചെളിയും മണ്ണും നിറഞ്ഞ് ഒരു തുള്ളി വെള്ളം പോലും ഒഴുക്കാത്ത അവസ്ഥയിലാണ്. ഈ തോട്ടില്‍ ചെറിയ ഭാഗം പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയില്‍പ്പെടുത്തി ഭിത്തി കെട്ടിയെങ്കിലും ആഴക്കുറവ് കാരണം ഒരു തുള്ളി വെള്ളം പോലും ഒഴുകുന്നില്ല.
തോടിന് അടുത്ത ഘട്ടമായി അനുവദിക്കുന്ന ഫണ്ട് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അനുകുല തീരുമാനമുണ്ടായില്ല. തുടര്‍ന്ന് മേല്‍ കമ്മിറ്റിക്ക് അപ്പീല്‍ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും തിരുമാനം നീണ്ടുപോകുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വയലുകള്‍ നിറഞ്ഞ് കവിഞ്ഞു.
നഷ്ടങ്ങള്‍ സഹിച്ചു വിത്തു ഇറക്കിയ ചുരുക്കം ചില കര്‍ഷകരുടെ പാടവും വെള്ളത്തില്‍ തന്നെ. ബന്ധപ്പെട്ടര്‍ പരിശോധന നടത്തി പിഎംകെഎസ് പദ്ധതി പ്രകാരം തോടിന് ആഴം കൂട്ടി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.