
മലപ്പുറം: പെരിന്തല്‍മണ്ണ തോണിക്കരയില്‍ നടന്നത് വേറിട്ടൊരു കുളം ഉദ്ഘാടനം. വെറുതേയൊരു നാട മുറിച്ച് ചടങ്ങ് തീര്‍ക്കുകയല്ല ചെയ്തത്, വ്യത്യസ്തമായൊരു
ഉദ്ഘാടനച്ചടങ്ങ് തന്നെ നടത്തി. മങ്കട എംഎല്‍എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെ കുളത്തില്‍ തള്ളിയിട്ടായിരുന്നു ഉദ്ഘാടനം. നീന്തല്‍കുളത്തിന്റെ നാട മുറിച്ച ശേഷം പഞ്ചായത്തംഗത്തെ എംഎല്‍എ തന്നെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
കുളത്തില്‍ നിന്ന് കയറിയ മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്ര പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം നാടിന് സമര്‍പ്പിക്കുകയും ചെയ്തു.
നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ചാണ് പഞ്ചായത്ത് അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ട് ഉദ്ഘാടനം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുവെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെള്ളത്തിലേക്ക് വലിച്ചിട്ടത് അങ്ങനെയായിരുന്നില്ല. എല്ലാവരും ഇത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊണ്ടതുകൊണ്ട് ഉദ്ഘാടനം വ്യത്യസ്തമായി. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
















