വടകര: വെള്ളിയാഴ്ച അന്തരിച്ച മുക്കാളി കൈതോക്കുന്നുമ്മലിലെ ശ്രീധരന് മടപ്പള്ളി ജനകീയ സമരങ്ങള്‍ക്ക് ഒപ്പം നിന്ന
ബിജെപിയുടെ സൗമ്യ സാന്നിധ്യം. ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ശ്രീധരന് കെ-റെയില്‍ വിരുദ്ധ സമരം അടക്കമുള്ളവയുടെ മുന്‍നിര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളായിരുന്ന ഒഞ്ചിയം, അഴിയൂര്‍ മേഖലകളില്‍ ബിജെപി കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ആകസ്മികമായ നിര്യാണം ജനകീയ സമരപ്രസ്ഥാനങ്ങള്ക്കും ബിജെപിക്കും തീരാനഷ്ടമായി.
ഞായറാഴ്ച നാദാപുരംറോഡില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ നിരവധി പേര് അന്ത്യോപചാരം അര്‍പിക്കാനെത്തി. മുക്കാളിയിലെ വീട്ടിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ ധാരാളം ആളുകള്‍ എത്തി. എംഎല്‍എമാരായ കെ.കെ.രമ, കെ.പി.കുഞ്ഞമ്മദ്കുട്ടി, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി.എം.അശോകന്, അഡ്വ: എം.രാജേഷ് കുമാര്‍, രാമദാസ് മണലേരി, എം.മോഹനന്, പി.പി.മുരളി, ടി.പി.ബിനീഷ്, കോട്ടയില്‍ രാധാകൃഷ്ണന്, പ്രദീപ് ചോമ്പാല, ആര്.ഗോപാലന്, പി.ബാബുരാജ് അടക്കമുള്ള നിരവധി പേര് എത്തിയിരുന്നു.