വടകര: ബിജെപി നേതാക്കള്‍ക്കെതിരെ ഇറക്കിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു. എന്‍ഡിയുടെ നേതൃത്വത്തില്‍ വടകര ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന രാഷ്ട്രീയം പറയാതെ ഇരു മുന്നണികളും വടകരയില്‍ വ്യാജമായ വീഡിയോകള്‍ ഇറക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നവെന്ന് എം ടി രമേശ് കുറ്റപ്പെടുത്തി. കേട്ട് കേള്‍വി ഇല്ലാത്ത വിധം വര്‍ഗീയ പ്രചരണം നടത്തിയും പരസ്പരം
മത്സരിച്ചും വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് ജനകീയ വിഷയങ്ങളില്‍ നിന്ന് മുന്നണികള്‍ മാറിനിന്നാണ് പ്രചരണം സംഘടിപ്പിച്ചത്. വടകരയിലെ ബിജെപി നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം ഇറക്കിയ വ്യാജ വീഡിയോക്ക് പിന്നില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ വ്യാജ വീഡിയോക്ക് പിന്നിലുണ്ട് എന്ന് വീഡിയോയിലൂടെ പറയുന്ന ഭാസ്കരന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കുറ്റ്യാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവം നടന്ന മൂന്നാഴ്ച തികഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന്
വഴങ്ങിയാണെന്ന് എം.ടി.രമേശ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുമെന്നും നിയമപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച ബഹുജന മാര്‍ച്ച് വടകര പോലീസ് സ്റ്റേഷനു സമീപം പോലീസ് തടഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ വി.കെ.സജീവന് അധ്യക്ഷത വഹിച്ചു. കെപി ശ്രീശന്, പി.സത്യപ്രകാശ്, എം മോഹനന്, ടി കെ പ്രഭാകരന്, രാമദാസ് മണലേരി, സന്തോഷ് കാളിയത്ത്, ഇ.മനീഷ്, സിപി സംഗീത, പി വിജയലക്ഷ്മി, പി പി മുരളി, പി പി വ്യാസന് എന്നിവര്‍ സംസാരിച്ചു. വി കെ ജയന്, വി സത്യന്, പി ഹരിദാസ്, ടി ചക്രായുധന്‍, കെ കെ രജീഷ്, പ്രശോബു കോട്ടോളി, ജുബിന്‍ ബാലകൃഷ്ണന്, ടി റിനീഷ്, എം പ്രകാശന്, ടി കെ രാജന്, ശശിധരന് നാരങ്ങയില്‍, പി പി ഇന്ദിര, സി കെ ലീല എന്നിവര്‍ നേതൃത്വം നല്കി.