തിരുവനന്തപുരം: ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്. ഇതുവരെ 301 ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 243 പേര് അറസ്റ്റിലായി. 53 പേരെ കരുതല്‍ തടങ്കലിലാക്കി. അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്കി.
ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്കി. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുകയും കണ്ട്രോള് റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.
എറണാകുളം റൂറല്‍ ജില്ലയിലെ ‘ഓപ്പറേഷന് ആഗി’ല്‍ 28 ക്രിമിനലുകള്‍ അറസ്റ്റിലായി. റൂറല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തത് ആലുവയിലാണ്. 5. ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആര്.അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഗുണ്ടകള്‍ക്കെതിരെ നടക്കുന്ന നടപടിയാണ് ഓപ്പറേഷന് ആഗ്. നെടുമ്പാശേരി, വരാപ്പുഴ, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, വാഴക്കുളം, കോതമംഗലം, മുളന്തുരുത്തി എന്നീ സ്റ്റേഷനുകളുടെ പരിധിയില്‍ രണ്ടുപേര്‍ വീതം അറസ്റ്റിലായി. അങ്കമാലി, ചെങ്ങമനാട്, പറവൂര്‍, ഞാറയ്ക്കല്‍, കുറുപ്പംപടി, തടിയിട്ട പറമ്പ്, ഊന്നുകല്‍, പുത്തന്‍കുരിശ്, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും അറസ്റ്റിലായി. 5 സബ് ഡിവിഷനുകളിലെ 34 സ്റ്റേഷന് പരിധികളിലും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം പരിശോധന തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.