കോഴിക്കോട്: നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്എച്ച്ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമീഷണര്‍ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന് ആക്റ്റിങ് ചെയര്‍പേഴ്സനും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് നിര്‍ദേശിച്ചു.
ജൂണില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. നവവധു വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമീഷന് ഇടപെട്ടത്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം, ഭാര്യയെ ശാരീരികമായി പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് പന്നിയൂര്‍കുളം സ്വദേശി രാഹുല്‍ പി.ഗോപാലിന്റെ (29) പേരില്‍ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞദിവസം ഭര്‍തൃവീട്ടില്‍ മര്‍ദനമേറ്റതിനെതുടര്‍ന്നാണ് പറവൂര്‍ സ്വദേശിയായ യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്. വധശ്രമത്തിന് പുറമെ സ്ത്രീധന നിരോധന നിയമപ്രകാരവും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നും രാഹുലിനായി തിരച്ചില്‍ നടത്തുകയാണെന്നും പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ എ.എസ്.സരിന് പറഞ്ഞു.
ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനിത കമീഷനും എറണാകുളം റൂറല്‍ ജില്ല പോലീസ് മേധാവിക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പന്തീരാങ്കാവ് പോലീസ് പെണ്‍കുട്ടിയോട് നീതി കാണിച്ചില്ലെന്നും പിതാവ് പറഞ്ഞു.
പറവൂര്‍ സ്വദേശിയായ യുവതിയുമായി ഈ മാസം അഞ്ചിനായിരുന്നു രാഹുലിന്റെ വിവാഹം. അടുക്കള കാണല്‍ ചടങ്ങിന് 12ന് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മര്‍ദനത്തിന് ഇരയായ കാര്യം ബന്ധുക്കള്‍ അറിഞ്ഞത്. വിവാഹം കഴിഞ്ഞ് ആദ്യദിവസങ്ങളില്‍ സ്നേഹത്തോടെയായിരുന്നു രാഹുലിന്റെ പെരുമാറ്റം. 11ന് രാവിലെ രാഹുലും അമ്മയും ഒറ്റക്കിരുന്ന് കുറേ നേരം സംസാരിച്ചിരുന്നു. ഇതിനുശേഷം രാഹുല്‍ ഭാര്യക്കൊപ്പം കോഴിക്കോട് ബീച്ചില്‍ പോയ സമയത്ത് സ്ത്രീധനം കുറഞ്ഞത് സംബന്ധിച്ച് തര്‍ക്കമുണ്ടായി. വീട്ടില്‍ തിരിച്ചെത്തിയശേഷം പുറത്തേക്ക് പോയ രാഹുല്‍ മദ്യപിച്ച ശേഷം രാത്രി ഏറെ വൈകിയാണ് മടങ്ങിവന്നതെന്നും തുടര്‍ന്നായിരുന്നു മര്‍ദനമെന്നും പെണ്‍കുട്ടി പറയുന്നു.
നെറ്റിയിലും തലയിലും മുഷ്ടി ചുരുട്ടി ഇടിച്ചെന്നും മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ ചുറ്റി വലിച്ചെന്നും പരാതിയില്‍ പറയുന്നു. സ്ത്രീധനം കുറഞ്ഞുപോയി എന്ന രീതിയില്‍ രാഹുലിന്റെ അമ്മയും സഹോദരിയും പലതവണ മകളോട് സംസാരിച്ചെന്നും പിതാവ് ആരോപിച്ചു.