വടകര: ലോകസഭ തെരഞ്ഞെടുപ്പ് ദിവസം ബിജെപി നേതാക്കള്‍ക്കെതിരെ ഇറങ്ങിയ വ്യാജ വീഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് 17ന് കാലത്ത് 10 മണിക്ക് വടകര ഡിവൈഎസ്പി ഓഫീസിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.വോട്ടെടുപ്പ് ദിവസം ഇറക്കിയ വീഡിയോയുടെ ഗൗരവം എല്ലാവര്ക്കും
അറിയുന്നതാണ്. അതിന്റെ പിന്നിലെ ചേതോവികാരം എന്തെന്നറിയാന്‍ പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ആഗ്രഹമുണ്ട്. ബിജെപി ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സജീവന് പറഞ്ഞു. പോലീസ് ശ്രമിച്ചാല്‍ നിഷ്പ്രയാസം പ്രതികളെ കണ്ടെത്താനാവുന്ന കേസ് ആണിത്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ബിജെപി മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. അതിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.ബിജെപി നേതാക്കള്‍ അന്നുതന്നെ പോലീസില്‍ പരാതി നല്കി ഇത്ര ദിവസമായിട്ടും ശക്തമായ അന്വേഷണം
നടത്താനോ കുറ്റക്കാരെ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറാവുന്നില്ല. വ്യാജ വീഡിയോയുടെ ഉറവിടം പുറത്തുകൊണ്ടു വരുന്നതുവരെ പാര്‍ട്ടി നിയമപരമായും രാഷ്ട്രീയപരമായി നേരിടും എന്നും വികെ സജീവന് കൂട്ടിച്ചേര്‍ത്തു.
വടകരയിലെ വര്‍ഗീയ തീക്കളി അവസാനിപ്പിക്കണം: വി.കെ.സജീവന്
ലോകസഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഒരിടത്തും കാണാത്ത വര്‍ഗീയ പ്രചരണമാണ് ഇരുമുന്നണികളും വടകരയില്‍ നടത്തിയതെന്ന് വി.കെ.സജീവന് കുറ്റപ്പെടുത്തി. പുരോഗമനമതേതരവാദികള് എന്നു പറയുന്നവരാണ് വര്‍ഗീയതയ്ക്ക് തീ കൊളുത്തിയിരിക്കുന്നത്. തീ കൊടുത്തവര്‍ക്ക്
കെടുത്താന്‍ സാധിക്കില്ല. വികസനം പറഞ്ഞ് വടകരയില്‍ വോട്ട് ചോദിച്ചത് ബിജെപിയും എന്ഡിഎസ്ഥാനാര്ഥിയും മാത്രമാണ്. സിപിഎമ്മും ലീഗും വടകര മേഖലയില്‍ മുമ്പും വര്‍ഗീയത പറഞ്ഞാണ് വോട്ട് നേടിയത്. ഇത് അവസാനിപ്പിക്കണം. വോട്ട് തട്ടാന്‍ വേണ്ടി നാദാപുരം തലശ്ശേരി വടകര ഉള്‍പ്പെടെയുള്ള മേഖലയിലെ പ്രവര്‍ത്തകരെ ഇരു മുന്നണികളും വര്‍ഗീയവല്‍ക്കരിച്ചിരിക്കുകയാണ്.ഗള്‍ഫ് യുദ്ധം മുതല്‍ പാലസ്തീന്, സിഎഎ വിഷയങ്ങളില്‍ വരെ വര്‍ഗീയത ആളിക്കത്തിച്ച് മുതലാക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. ഇത് ആപത്കരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി നേതാക്കളായ ടി.കെ.പ്രഭാകരന്, പി പി മുരളി എന്നിവര്‍ പങ്കെടുത്തു.