
വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസിന് (23) വടകര എന്‍ഡിപിഎസ് കോടതി ജാമ്യം അനുവദിച്ചു.
അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരിക്കുകയാണ.്
ഡെലിവറി ബോയി ആയ ജിജില്‍ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒരുകോടിയോളം രൂപയുടെ ഇടപാട് നടന്നതായി പൊലീസ് അന്വേഷണത്തില്‍
കണ്ടെത്തിയിരുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ മുന്‍ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്‍ത്തനയ്ക്കും കൂരാച്ചുണ്ട് ചെറുകാട് കൊല്ലനാരി കാവ്യയ്ക്കും ആവള കുട്ടോത്ത് വലിയ പറമ്പില്‍ നീഷ്മക്കും ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന പ്രതിയായ വയനാട്
സ്വദേശിയെ പിടികൂടാനായിട്ടില്ല. വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനായിരുന്നു ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നാണ് അധ്യാപിക കീര്‍ത്തനയെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്നാണ് കീര്ത്തനയടക്കം മൂന്നു പേര് പിടിയിലാവുന്നത്. കീര്‍ത്തനയെ കഴിഞ്ഞ ദിവസം വടകര പോലീസ് സ്റ്റേഷന് വളപ്പില്‍ ജീവിത പങ്കാളി കുത്തിപ്പരിക്കേല്പിച്ച സംഭവവമുണ്ടായി.
















